പത്തനംതിട്ട: കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങാന്‍ പത്തനംതിട്ട ജില്ലയിലെ കാര്‍ഷിക ബാങ്കുകളുടെ പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചു. പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് കാര്‍ഷിക വികസന ബാങ്കുകളില്‍ കൂടി 250 കോടി രൂപയും വായ്പ വിതരണം നടത്തിയിട്ടുണ്ട്. പ്രതിമാസം ഒമ്പത് കോടി രൂപയാണ് വായ്പാ വിതരണമാണ് നടത്തുന്നത്.
കാര്‍ഷിക വികസനബാങ്കുകളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കിലാണ്. വയ്പക്കാര്‍ തിരിച്ചടയ്ക്കുന്ന വായ്പകള്‍ ജില്ലാ സഹകരണ ബാങ്കിന്റെ അക്കൗണ്ടില്‍ കൂടിയാണ് സംസ്ഥാന കാര്‍ഷിക വികസനബാങ്കിനു തിരികെ നല്‍കുന്നത്. വായ്പയെടുക്കുന്ന കര്‍ഷകര്‍ കാര്‍ഷിക വികസന ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ട് ആവശ്യാനുസരണം പിന്‍വലിക്കുകയാണ് ചെയ്തുവന്നിരുന്നത്.
എന്നാല്‍ വായ്പയെടുത്ത് അക്കൗണ്ടില്‍ നിക്ഷേപിച്ചവര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല. നബാര്‍ഡ് നല്‍കുന്ന വായ്പക കാര്‍ഷകര്‍ക്ക് അനുവദിച്ചത് വിതരണം ചെയ്യാന്‍ കഴിയാത്തതും കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഇത്തരം നയങ്ങള്‍ക്കെതിരെ 28നു തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനു മുമ്പില്‍ നടക്കുന്ന സമരത്തില്‍ 350 സഹകാരികളെ ജില്ലയില്‍ നിന്നു പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.
പത്തനംതിട്ട കാര്‍ഷിക വികസനബാങ്ക് പ്രസിഡന്റ് വല്‍സന്‍ ടി.കോശി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്റുമാരായ എസ്.വി. പ്രസന്നകുമാര്‍, ഡോ.സജി ചാക്കോ, സി.കെ. ബാലന്‍, ഏഴംകുളം അജു, ഉമ്മന്‍ അലക്‌സാണ്ടര്‍, കേന്ദ്ര ബാങ്ക് ഡയറക്ടര്‍ മേഴ്‌സി സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.