സഹോദരിയെ കഴുത്തറത്തുകൊന്നു; സഹോദരന്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി; ദേഹമാസകലം പൊള്ളലേറ്റ സഹോദരന്‍ ഗുരുതരാവസ്ഥയില്‍

FIREപുനലൂര്‍: സഹോദരന്‍ സഹോദരിയെ കഴുത്തറത്തു കൊലപ്പെടുത്തിയശേഷം  പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ദേഹമാസകലം പൊള്ളലേറ്റ സഹോദരന്‍ ഗുരുതരാവസ്ഥയില്‍. വട്ടമണ്‍ കട്ടവിളപുത്തന്‍വീട്ടില്‍ മേഴ്‌സി തോമസി(45)നെയാണ് സഹോദരന്‍ തോമസ് ഡാനിയല്‍ കൊലപ്പെടുത്തിയത്.  ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

അവിവാഹിതരായ ഇരുവരും ഒരു വീട്ടിലാണ് താമസം. പുലര്‍ച്ചെ വാക്കുതര്‍ക്കത്തിനിടയില്‍ മേഴ്‌സിയെ  കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സഹോദരിയെ കൊന്നശേഷം തോമസ് ഡാനിയല്‍ തൊട്ടടുത്തുള്ള കുടുംബവീട്ടിലെത്തി പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. തീയാളിപടര്‍ന്നപ്പോള്‍ ഇയാള്‍ നിലവിളിച്ചതിനെതുടര്‍ന്ന് പരിസരവാസികള്‍ ഓടിയെത്തി  തീകെടുത്തി  ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ സഹോദരിയെ വിവരമറിയിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് വാതില്‍ അടഞ്ഞുകിടക്കുന്നത് കണ്ടത്.

കതകതുറന്നുനോക്കിയപ്പോഴാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പുനലൂര്‍ പോലീസെത്തി മേല്‍നടപടി സ്വീകരിച്ചു. മേഴ്‌സിക്ക് മാനസിക അസാസ്ഥ്യമുള്ളതായി പരിസരവാസികള്‍ പറയുന്നു. മൃതദേഹം  പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊള്ളലേറ്റ ഡാനിയല്‍ തോമസിനെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts