കൊച്ചി: മരണത്തിനടുത്തോളമെത്തിയ ജിതേഷ് എന്ന ചെറുപ്പക്കാരന്, അതീവ സങ്കീര്‍ണമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിച്ചേല്‍പ്പിച്ച കൊച്ചിയിലെ ലിസി ആശുപത്രിയും ഡോ. ജോസ് ചാക്കോ പെരിയപ്പുറവും കേരളത്തിന്റെ അഭിമാനമാണെന്നു നടി മഞ്ജു വാര്യര്‍. ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സകള്‍ക്കുംശേഷം ജിതേഷ് ആശുപത്രി വിടാനൊരുങ്ങുന്നുവെന്നത് ഏറെ ആഹ്ലാദകരമാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മഞ്ജു കുറിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനായ തൃപ്പൂണിത്തുറ സ്വദേശിയായ ജിതേഷ് (32) നാളെ ആശുപത്രി വിടും.
മഞ്ജുവിന്റെ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ: ഹൃദയത്തെത്തൊടുന്ന വാര്‍ത്തയാണു കൊച്ചി ലിസി ആശുപത്രിയില്‍നിന്നു കേള്‍ക്കുന്നത്. ശാസ്ത്രവും നന്മയും ചേരുമ്പോഴുണ്ടാകുന്ന മിടിപ്പുകള്‍ മനുഷ്യനെന്ന അദ്ഭുതത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നു. താത്കാലിക കൃത്രിമ ഹൃദയമെന്ന ഉപകരണത്തിന്റെ സഹായത്തോടെ ജീവിച്ച തൃപ്പൂണിത്തുറ സ്വദേശിയായ ജിതേഷ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രി വിടാനൊരുങ്ങുന്നുവെന്ന അറിവ് അത്യന്തം ആഹ്ലാദകരമാണ്.
ഏതാണ്ട് പൂര്‍ണമായും പ്രവര്‍ത്തനം നിലച്ച ഹൃദയവുമായി ഈശ്വരനോട് ഒരു സ്പന്ദനം കടംചോദിച്ചു കാത്തിരുന്ന ആ ചെറുപ്പക്കാരന്റെ ജീവിതത്തെ പിടിച്ചുനിര്‍ത്തിയിരുന്നത് ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്ന ഡോക്ടറാണ്. അവസാനമാര്‍ഗമായി കൃത്രിമഹൃദയം ഘടിപ്പിക്കുക എന്ന അത്യപൂര്‍വമായ ആലോചനയിലേക്ക് അവര്‍ എത്തിയപ്പോഴാണു മസ്തിഷ്കമരണം സംഭവിച്ച ആലപ്പുഴ രാമങ്കരിയിലെ സാന്‍ജോസിന്റെ മാതാപിതാക്കളായ സണ്ണിയും മിനിയും അവയവദാനത്തിനുള്ള സന്നദ്ധത അറിയിച്ചത്.
ഇരുപതുവയസില്‍ അവസാനിക്കേണ്ടതല്ല മകന്റെ ജീവിതം എന്ന അവരുടെ ധീരമായ തീരുമാനം ജിതേഷിനു കിട്ടിയ ഈശ്വരാനുഗ്രഹമായി. അവയവദാനത്തിന്റെ വലിയ സന്ദേശത്തെ ഒരിക്കല്‍ക്കൂടി ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു നമ്മുടെ നാട്.
13 ദിവസം ഉപകരണങ്ങളുടെ സഹായത്തോടെ ജീവിച്ച ഒരാള്‍ക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് രാജ്യത്ത് ആദ്യമായാണ്. അത്യന്തം വെല്ലുവിളിനിറഞ്ഞ ആ ദൗത്യത്തിന്റെ ധമനികളെ തന്റെ അനുഭവസമ്പത്തും മനക്കരുത്തുംകൊണ്ടു തുന്നിച്ചേര്‍ക്കാന്‍ ഡോ. ജോസ് ചാക്കോയ്ക്കു സാധിച്ചു. ഡോ. റോണി മാത്യു, ഡോ. ജേക്കബ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും നഴ്‌സിംഗ്പാരാമെഡിക്കല്‍ സ്റ്റാഫ് അംഗങ്ങളും അദ്ദേഹത്തിനൊപ്പംനിന്നു.
എല്ലാറ്റിനും നേതൃത്വം കൊടുത്ത് ആശുപത്രി ഡയറക്ടര്‍ തോമസ് വൈക്കത്തുപറമ്പിലും. എല്ലാവര്‍ക്കും ഹൃദയത്തില്‍തൊട്ട് അഭിനന്ദനം… ജിതേഷിന്റെ ആയുരാരോഗ്യത്തിനുവേണ്ടി പ്രാര്‍ഥനകള്‍… സാന്‍ജോസ്… നിങ്ങള്‍ മരിച്ചുവെന്ന് ആരു പറഞ്ഞു? നന്മയ്ക്കും നല്ല ഹൃദയത്തിനും മരണമില്ലല്ലോ..! ഇത്രയുമാണു പോസ്റ്റിലുള്ളത്.
അവയവദാനം നടത്തിയവരില്‍ പലരും ജീവിച്ചിരിപ്പില്ലെന്നു കുറ്റപ്പെടുത്തി നടന്‍ ശ്രീനിവാസന്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. വസ്തുതകള്‍ മനസിലാക്കി അദ്ദേഹം പിന്നീട് അതു തിരുത്തി. ശ്രീനിവാസന്റെ പ്രസ്താവനക്കെതിരേ ഹൃദയം മാറ്റിവയ്ക്കല്‍ നടത്തിയ മാത്യു ആച്ചാടന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതു ശ്രദ്ധിക്കപ്പെട്ടിരുന്നു. അവയവദാനം മഹത്തായ നന്മയാണെന്നു ലിസി ആശുപത്രിയിലെ ഒരു ചടങ്ങില്‍ പങ്കെടുത്തു നടന്‍ ഇന്നസെന്റും ചൂണ്ടിക്കാട്ടി.