സാമ്യമുണ്ട്! എന്തിനായിരുന്നു രണ്ടാമത്തെ രേഖാചിത്രം? അമിറുളിന് ആദ്യ രേഖാചിത്രവുമായി അടുത്ത സാമ്യം; ഉത്തരം നല്‍കേണ്ടത് രണ്ടാം അന്വേഷണസംഘം

Amirulഎം.ജെ ശ്രീജിത്ത്

തിരുവനന്തപുരം: ജിഷകൊലക്കസിലെ പ്രതി അമിറുള്‍ ഇസ്ലാമിനെ പിടികൂടാന്‍ അദ്യ അന്വേഷണ സംഘം തയ്യാറാക്കിയ രേഖാചിത്രവുമായി പ്രതിയ്ക്ക് നല്ല സാദൃശ്യം. രണ്ടാമത് തയ്യാറാക്കിയ രേഖാചിത്രവുമായി പ്രതിയ്ക്ക് സാമ്യമില്ലെന്ന പരിഹാസം സമൂഹത്തിലും സോഷ്യല്‍ മീഡിയിലും  വ്യാപകമായ സാഹചര്യത്തിലാണ് ആദ്യ രേഖാചിത്രം വീണ്ടും ചര്‍ച്ചയാകുന്നത്.

രണ്ടാമത് തയ്യാറാക്കിയ മഞ്ഞ ഷര്‍ട്ട് ധരിച്ച ചുരുണ്ട മുടിയുള്ള പ്രതിയുടെ രേഖാചിത്രമാണ് വലിയ രീതിയില്‍ പ്രചരിച്ചത്. ആദ്യ രേഖാചിത്രം ചര്‍ച്ചയായതുമില്ല. ആദ്യ രേഖാചിത്രവമായി വലിയ സാദൃശ്യമാണ് പ്രതിയ്ക്കുള്ളത്. പ്രതി പിടിയിലായ ശേഷമുള്ള വിശദമായ പരിശോധനയിലാണ് ഇതു തെളിഞ്ഞത്. മഞ്ഞ ഷര്‍ട്ടുള്ള രേഖചിത്രവുമായി സാദൃശ്യമുള്ള നിരവധി നിരപരാധികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. സിനിമയിലടക്കം അഭിനയിച്ചിട്ടുള്ള ഒരു യുവാവിന്റെ മുഖ സദൃശ്യം ചൂണ്ടിക്കാട്ടി ഇയാളാണ് പ്രതിയെന്ന രീതയില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം ഉണ്ടായിരുന്നു.

ഇയാള്‍ക്ക് താന്‍  നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് സോഷ്യല്‍ മീഡിയില്‍ പറയേണ്ട സാഹചര്യവും ഉണ്ടായിരുന്നു. കേസന്വേഷണത്തെ തന്നെ ബാധിച്ചത് രണ്ടാമത്തെ രേഖാചിത്രമാണ്. ഇതിനു പിന്നാലെ അന്വേഷണ സംഘം ഒരുപാട് അലഞ്ഞിരുന്നു. ആദ്യ രേഖാചിത്രം വച്ചുള്ള അന്വേഷണമായിരുന്നുവെങ്കില്‍ പ്രതിയെ കുറച്ചു കൂടി മുമ്പ് പിടികൂടാമായിരുന്നുവെന്ന വിലയിരുത്തല്‍ സേനക്കുള്ളിലും അന്വേഷണ സംഘത്തിനും ഇപ്പോഴുണ്ട്. ആദ്യ രേഖാചിത്രത്തിന് രണ്ടാമത്തെ രേഖാചിത്രത്തിന് കിട്ടിയ പ്രചാരം കിട്ടിയിരുന്നില്ല.

രണ്ട് രേഖാചിത്രത്തിനും തമ്മില്‍ വലിയ അന്തരമുണ്ടായതിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിശദീകരിക്കേണ്ടി വരും. രണ്ടാമത് രേഖാചിത്രം തയ്യാറേക്കേണ്ടി വന്നതിനു പിന്നിലെ സാഹചര്യവും അന്വേഷണ വിധേയമാകും. ഇതേക്കുറിച്ച് അന്വേഷണ സംഘം പരിശോധിച്ചേക്കും.

Related posts