സിഎംപി ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ സി.പി. ജോണ്‍ വിഭാഗക്കാര്‍ക്കു പ്രവേശനം നിഷേധിക്കരുതെന്നു കോടതി

courtകണ്ണൂര്‍: യോഗശാല റോഡിലെ അവിഭക്ത സിഎംപി ജില്ലാ കൗണ്‍സില്‍ ഓഫീസായ ഇ.പി. സ്മാരക മന്ദിരത്തില്‍ സി.പി. ജോണ്‍ വിഭാഗക്കാരായ സി.എ. അജീര്‍, എ.കെ. ബാലകൃഷ്ണന്‍, മാണിക്കര ഗോവിന്ദന്‍ തുടങ്ങിയവര്‍ പ്രവേശിക്കുന്നതു തടയണമെന്നു കാണിച്ച് അരവിന്ദാക്ഷന്‍ വിഭാഗം നല്‍കിയ ഹര്‍ജി കോടതി തള്ളി. അജീര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രവേശനം തടയണമെന്നു കാണിച്ച് അരവിന്ദാക്ഷന്‍ വിഭാഗത്തിലെ സി.കെ. നാരായണന്‍ കണ്ണൂര്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയാണു തള്ളിയത്.

പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്നു 2014 മാര്‍ച്ച് 22നായിരുന്നു അരവിന്ദാക്ഷന്‍ വിഭാഗം ഓഫീസ് കൈയടക്കിയത്. ഈ സമയത്ത് ഓഫീസിലുണ്ടായിരുന്ന സി.എ. അജീര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചു പുറത്താക്കിയശേഷം ഓഫീസ് പിടിച്ചെടുക്കുകയായിരുന്നു. അരവിന്ദാക്ഷന്‍ വിഭാഗം ഓഫീസ് പിടിച്ചെടുത്തശേഷം സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തിയിരുന്നു. തങ്ങളെ മര്‍ദിച്ചു പുറത്താക്കി സി.കെ. നാരായണന്റെ നേതൃത്വത്തില്‍ ഓഫീസ് പിടിച്ചെടുത്തെന്നു കാണിച്ചു സി.എ. അജീര്‍ നല്‍കിയ കേസ് നിലവിലുണ്ട്.

തങ്ങള്‍ക്ക് ഓഫീസില്‍ പ്രവേശനാനുമതി നിഷേധിക്കരുതെന്നു കാണിച്ചു കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കൈയേറ്റം ഒഴിപ്പിച്ച് ഓഫീസ് തങ്ങള്‍ക്കു വിട്ടുകിട്ടാനുള്ള നടപടികള്‍ ആരംഭിക്കുമെന്നു സി.പി. ജോണ്‍ വിഭാഗം ജില്ലാ സെക്രട്ടറി സി.എ. അജീര്‍ പറഞ്ഞു. സി.പി. ജോണ്‍ വിഭാഗത്തിനുവേണ്ടി അഡ്വ. കെ.കെ. ബാലറാം, ടി.പി. ഹരീന്ദ്രന്‍, എന്‍. ജയരാജന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

Related posts