പാലക്കാട്: സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിനു സമീപത്തുനിന്നും പെട്രോള്‍ ബോംബുമായി ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്ത രണ്ടുപേരെയും റിമാന്‍ഡു ചെയ്തു. വടക്കന്തറ കോഴിപ്പറമ്പ് രാജേഷ്(25), വടക്കന്തറ മനക്കത്തൊടി റോഷന്‍(23) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ബൈക്കില്‍ പെട്രോള്‍ ബോംബുമായി സഞ്ചരിച്ച ഇവരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.രണ്ടുപേരും യുവമോര്‍ച്ച പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. കൂടുതല്‍ ചോദ്യംചെയ്യാന്‍ നോര്‍ത്ത് പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.കഴിഞ്ഞ എട്ടിന് രാത്രി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം നടന്നിരുന്നു. ഈ സംഭവത്തില്‍ പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കും.സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരയുണ്ടായ ആക്രമണത്തിനുശേഷം ടൗണില്‍ പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളെ നൈറ്റ് പട്രോളിങ് സംഘമാണ് തടഞ്ഞു നിര്‍ത്തി ചോദ്യംചെയ്തത്. ഇവരുടെ പക്കല്‍ ബിയര്‍കുപ്പിയില്‍ പെട്രോള്‍ നിറച്ചത് കണ്ടെത്തിയതോടെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയായിരുന്നു. പിടിയിലായ റോഷന്റെ പേരില്‍ മുമ്പും നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ കേസുകളുണ്ട്.ജില്ലാ പോലീസ് മേധാവി എ. ശ്രീനിവാസ് സ്ഥലത്തെത്തി പ്രതികളെ ചോദ്യംചെയ്തു. നോര്‍ത്ത് എസ്.ഐ പുരുഷോത്തമന്‍പിള്ള, എസ്.ഐ ജയദേവന്‍, സി.പി.ഒമാരായ സത്യനാരായണന്‍, ശിവാനന്ദന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
;