എരുമേലി: ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും അമിതവേഗതയിലുമൊക്കെ ടൗണുകളിലൂടെ പായുന്ന വാഹനയാത്രികര്ക്കെതിരേ കാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തി പോലീസ് നടപടികള്‍ ആരംഭിച്ചു.ജില്ലയിലെ വിവിധ ടൗണുകളില്‍ ഇതിനായി കാമറകളുമായി പോലീസ് രംഗത്തിറങ്ങി. പകര്‍ത്തുന്ന ചിത്രങ്ങള്‍ അതതു പോലീസ് സ്റ്റേഷന്റെ പേരില്‍ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് നല്‍കുക. തുടര്‍ന്നാണ് തുടര്‍നടപടികള്‍. വാഹന രജിസ്ട്രേഷന് നമ്പരില്‍ നിന്ന് ഉടമയുടെ പേരും വിലാസവും ശേഖരിച്ച് നോട്ടീസ് അയയ്ക്കും.
രേഖകള്‍ ഹാജരാക്കുമ്പോള്‍ കാലാവധി കഴിഞ്ഞ രേഖകള്‍ക്കും പുതുക്കാത്തതിനും എല്ലാം ഉള്‍പ്പെടുത്തിയാണ് പിഴതുക നിശ്ചയിക്കുക. ഹെല്‍മറ്റില്ലാത്തതിന് മാത്രം പിഴ ലഭിക്കുമെന്ന് കരുതിയാല്‍ തെറ്റി. ലൈസന്‍സ്, ടാക്സ്, ഇന്‍ഷ്വറന്‍സ്, പുക തുടങ്ങി വാഹനരേഖകളെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഒടുവില്‍ പിഴത്തുക നിശ്ചയിക്കുക. റോഡില്‍ പോലീസ് നടത്തുന്ന വാഹന പരിശോധനയില്‍ രക്ഷപ്പെട്ട് പോകുന്നവരും പോലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ പോകുന്നവരും കാമറയില്‍ ഇനി പതിയും.
വാഹന യാത്രികര്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം പരിശോധന നടത്തണമെന്ന ഡിജിപിയുടെ നിര്‍ദേശമാണ് ഇപ്പോള്‍ പഴുതടയ്ക്കുന്നതും സുരക്ഷിതവുമായ പരിശോധനയ്ക്കായി കാമറചിത്രീകരണത്തിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒട്ടേറെ പേരുടെയും വാഹനങ്ങളുടെയും ചിത്രങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ക്കായി ശേഖരിച്ച് കഴിഞ്ഞിരിക്കുകയാണ്.