കൊച്ചി: പാലാരിവട്ടത്ത് സൂപ്പര്‍ ബൈക്കിടിച്ചു പരിക്കേറ്റ യുവതിയെ വെന്റിലേറ്ററില്‍ നിന്നു മാറ്റി. ഇന്നലെ രാത്രിയാണു യുവതിയെ ഐസിയുവിലേക്ക് മാറ്റിയത്. യുവതിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവര്‍ കണ്ണു തുറന്നിട്ടുണ്ട്. കൈകാലുകള്‍ ഉയര്‍ത്തി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
മരട് സ്വദേശിനി മേഘ ദിന്‍ഷയാണ്(30) അമിത വേഗത്തില്‍ വന്ന സൂപ്പര്‍ ബൈക്ക് ഇടിച്ചു സാരമായ പരിക്കുകളോടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഗര്‍ഭിണിയായി രുന്ന യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തിരുന്നു. അപകട നില തരണം ചെയ്ത കുട്ടി പൂര്‍ണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സൂപ്പര്‍ ബൈക്ക് ഓടിച്ചിരുന്ന കണ്ണമാലി സ്വദേശി ബേണി ജോര്‍ജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചിരുന്നു.
മേഘയുടെ മൊഴിയെടുത്ത ശേഷമേ തുടര്‍ നടപടിയിലേക്കു കടക്കാനാവൂ എന്നാണ് പോലീസ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘ അപകടത്തില്‍പ്പെട്ടത്. വൈറ്റില സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ബേണി ടെസ്റ്റ് ഡ്രൈവിനെടുത്ത സൂപ്പര്‍ ബൈക്കുകൊണ്ടാണ് മേഘയെ ഇടിച്ചുതെറിപ്പിച്ചത്.