അരിമ്പൂര്‍: തമിഴ്‌നാട്ടിലെ സേലം റോഡില്‍ നിയന്ത്രണംവിട്ട ടോറസ് ഇടിച്ച് കാറില്‍ യാത്രചെയ്തിരുന്ന അരിമ്പൂര്‍ കുന്നത്തങ്ങാടി സ്വദേശി മാറോക്കി സാബുവിന്റെ മകന്‍ ഷോണ്‍ (അഞ്ച്) മരിച്ചു.കാറിലുണ്ടായിരുന്ന സാബു, ഭാര്യ ബിന്‍സി, മക്കളായ ആരോണ്‍, റോസ്, സഹോദരന്റെ മക്കളായ അര്‍പ്പിത്, അരുണിമ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു സേലം റോഡില്‍വച്ചായിരുന്നു അപകടം.
ബംഗളുരുവില്‍ സ്ഥിരതാമസക്കാരായ സാബുവും കുടുംബവും മകന്‍ ആരോണിന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായാണ് കുന്നത്തങ്ങാടിയിലേക്കെത്തിയത്. ചടങ്ങു കഴിഞ്ഞ് ഇവര്‍ ബംഗളുരുവിലേക്ക് തിരിച്ചുപോകുമ്പോഴായിരുന്നു അപകടം.
നിയന്ത്രണംവിട്ടു വന്ന ടോറസ് സ്‌കോഡ കാറില്‍ ഇടിക്കുകയായിരുന്നു. അമ്മയുടെ മടിയിലാണ് ഷോണ്‍ ഇരുന്നിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറില്‍നിന്ന് ഷോണ്‍ പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. കാറും മറിഞ്ഞു. ബംഗളുരു ക്രൈസ്റ്റ് അക്കാഡമി യുകെജി വിദ്യാര്‍ഥിയായിരുന്നു ഷോണ്‍. അരിമ്പൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ ഇന്നു വൈകീട്ട് 5.30നു ഷോണിന്റെ മൃതദേഹം സംസ്കരിക്കും.