ചിലപ്പോള്‍ ചെറിയൊരു മുന്‍കരുതല്‍ വലിയൊരു കുറ്റകൃത്യത്തെ തടയാന്‍ സഹായിച്ചെന്നു വരും. ഇത്തരത്തിലുള്ള ചെറിയ മുന്‍കരുതല്‍ നാം നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകളെ സംരക്ഷിക്കുവാന്‍ സഹായിക്കും. എന്നാല്‍ മിക്കവരും ഇക്കാര്യം അവഗണിക്കുകയാണ് പതിവ്. ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ സുരക്ഷിതമാക്കുവാനുള്ള ഏതാനും സുരക്ഷാ ടിപ്പുകള്‍ നല്‍കുകയാണ് ചുവടെ.
ഫിഷിംഗ്: ബാങ്കുകള്‍ ലോകമെങ്ങും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഫിഷിംഗ്. നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങള്‍ തട്ടിയെടുക്കുന്നതിനുള്ള ശ്രമത്തെയാണ് ഫിഷിംഗ് എന്നു വിളിക്കുന്നത്. ബാങ്കില്‍നിന്നോ മറ്റ് അറിയപ്പെടുന്ന സ്ഥാപനങ്ങളില്‍നിന്നോ എന്ന വ്യാജേനയുള്ള ഇ- മെയിലുകളാണ് ഫിഷിംഗ്.
ഓര്‍മിക്കുക, ലോഗിന്‍, ട്രാന്‍സാക്ഷന്‍ പാസ്‌വേഡുകള്‍ വണ്‍ ടൈം പാസ്‌വേഡ് (ഒടിപി), യുണിക് റെഫറന്‍സ് നമ്പര്‍ തുടങ്ങിയവ രഹസ്യ വിവരങ്ങള്‍ ബാങ്കുകള്‍ ഇടപാടുകാരില്‍നിന്ന് ഒരിക്കലും ഇത്തരം ഇ-മെയിലുകള്‍ വഴി തേടുകയില്ല.
വിഷിംഗ്: ഫിഷിംഗ് പോലെതന്നെയുള്ള ഒരു തട്ടിപ്പു പരിപാടിയാണ് വിഷിംഗും. വ്യത്യാസം സാങ്കേതികവിദ്യയില്‍ മാത്രമേയുള്ളു. ഫിഷിംഗില്‍ ഇ- മെയിലാണ് ഇടപാടുകാരനെ വീഴ്ത്താന്‍ ഉപയോഗിക്കുന്നതെങ്കില്‍ വിഷിംഗില്‍ ടെലിഫോണ്‍ സര്‍വീസുകള്‍, ടെലിഫോണ്‍ സംഭാഷണം തുടങ്ങിയവ ഉപയോഗിക്കുന്നു. ബാങ്കിലെയോ സ്ഥാപനത്തിലെയോ ജോലിക്കാരന്‍ എന്ന നിലയില്‍ ഇടപാടുകരാനെ വിളിച്ച് വ്യക്തിഗത വിവരങ്ങള്‍ അന്വേഷിക്കുകയാണ് വിഷിംഗ് തട്ടിപ്പിന്റെ രീതി. ഇത്തരത്തില്‍ വിളി വന്നാല്‍ അതിനു മറുപടി കൊടുക്കാതെ വിവരം ബാങ്കിനെ അറിയിക്കുക.
സ്കിമ്മിംഗ്: ഇടപാടുകാരന്‍ എടിഎമ്മില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അതിന്റെ വിവരങ്ങളും പിന്‍ നമ്പരും ചോര്‍ത്താന്‍ മെഷീനോ കാമറയോ സ്ഥാപിക്കുന്നതാണ് സ്കിമ്മിംഗ്. ഇത്തരം വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പുകാരന്‍ അക്കൗണ്ടില്‍നിന്നും പണം പിന്‍വലിക്കുന്നു.
ക്ലോണിംഗ്: ഓണ്‍ലൈനിലും ഓഫ് ലൈനിലും ക്ലോണിംഗും സംഭവിക്കാറുണ്ട്. എടിഎമ്മിലോ പിഒഎസ് മെഷിനിലോ കാര്‍ഡ് ക്ലോണിംഗ് ഉപകരണം സ്ഥാപിച്ച്, കാര്‍ഡ് സൈ്വപ് ചെയ്യുമ്പോള്‍ വിവരംശേഖരിക്കുന്നു. ഇങ്ങനെ ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ഭാവിയില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നു.
മാല്‍വേര്‍: കംപ്യൂട്ടറിനെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സോഫ്റ്റ്‌വേറുകള്‍ ഉടമസ്ഥന്‍ അറിയാതെ കംപ്യൂട്ടറുകളില്‍ നിക്ഷേപിക്കുന്ന. ചില വെബ്‌സൈറ്റുകള്‍, അല്ലെങ്കില്‍ ചില ഫയലുകള്‍, വീഡിയോ തുടങ്ങിയ ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഇത്തരം മാല്‍വേറുകള്‍ കംപ്യൂട്ടറിലെത്തുന്നത്. ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കുള്ള മറ്റു ചല ചാനലുകളാണ് കൃത്രിമ ആപ്പുകള്‍, സ്വിം കാര്‍ഡ് സ്വാപ്പിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ദുരുപയോഗം, മൊബൈല്‍ ആപ്ലിക്കേഷന്‍ ഹാക്കിംഗ് തുടങ്ങിയവ മറ്റു തട്ടിപ്പു രീതികളാണ്.
പാസ്‌വേഡ് ക്രമമായി മാറ്റിക്കൊണ്ടിരിക്കുക
ബാങ്ക് തരുന്ന പാസ്‌വേഡ് ഉപയോഗിച്ചാണ് ആദ്യമായി ഇന്‍ര്‍നെറ്റ് ബാങ്കിംഗ് അക്കൗണ്ടില്‍ പ്രവേശിക്കുന്നത്. അക്കൗണ്ടിന്റെ സുരക്ഷയ്ക്കായി അപ്പോള്‍തന്നെ പാസ്‌വേഡ് മാറ്റുക. കൂടാതെ ക്രമമായ ഇടവേളകളില്‍ പാസ്‌വേഡുകള്‍ മാറ്റിക്കൊണ്ടിരിക്കുക. പാസ്‌വേഡ് രഹസ്യമായി സൂക്ഷിക്കുക.
പൊതു കംപ്യൂട്ടറില്‍നിന്നു ലോഗ് ഇന്‍ ചെയ്യാതിരിക്കുക
സൈബര്‍ കഫേ്, ഓഫീസ്, ലൈബ്രറി തുടങ്ങിയ പൊതു ഇടങ്ങളില്‍നിന്നു ഇന്റര്‍നെറ്റ് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പ്രവേശിക്കാതിരിക്കുക. നിരവധി പേര്‍ ഇവിടങ്ങളിലെ കംപ്യൂട്ടര്‍ സൗകര്യം ഉപയോഗിക്കുന്നതിനാല്‍ നിങ്ങളുടെ പാസ്‌വേഡ് ചോര്‍ത്താനോ അതു മറ്റുള്ളവര്‍ കാണുവാനോ ഉള്ള സാധ്യത കൂടുതലാണ്. ഏതെങ്കിലും സാഹചര്യത്തില്‍ ഈ സൗകര്യം ഉപയോഗിച്ച് അക്കൗണ്ടില്‍ പ്രവേശിക്കേണ്ടതായി വന്നാല്‍ ബ്രൗസിംഗ് ചരിത്രവും കാച്ചേ നമ്പര്‍ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക ഫയലുകള്‍ എല്ലാം മായിച്ചു കളയുവാന്‍ ശ്രദ്ധിക്കുക.
വിരവങ്ങള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കരുത്
ഫോണിലോ ഇ-മെയിലിലോ ഒരു ബാങ്ക് ഒരിക്കലും നിങ്ങളോട് വിവരങ്ങള്‍ തേടുകയില്ല. ഇത്തരത്തില്‍ ഫോണ്‍ കോളോ ഇ- മെയിലോ ലഭിച്ചാല്‍ നിങ്ങള്‍ വിവരങ്ങള്‍ നല്‍കരുത്. മാത്രവുമല്ല ഈ വിവരം ഉടനേ ബാങ്കിനെ അറിയിക്കുകയും ചെയ്യണം.
കാര്‍ഡ് വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക
ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, അല്ലെങ്കില്‍ മറ്റു വിവരങ്ങള്‍ തുടങ്ങിയവ ഫോണ്‍ വഴി നല്‍കുന്നതു വളരെയധികം ശ്രദ്ധിച്ചായിരിക്കണം. ബാങ്കുകളോ മറ്റു ധനകാര്യ സ്ഥാപനങ്ങളോ ഇത്തരത്തില്‍ ഫോണില്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയില്ല.
ക്രമമായി സേവിംഗ്‌സ് അക്കൗണ്ട് ചെക്ക് ചെയ്യുക
ഓണ്‍ലൈന്‍ ഇടപാടു നടത്തിയതിനുശേഷം നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുക. അക്കൗണ്ടില്‍നിന്നു കൃത്യമായ തുകയാണോ എടുത്തിട്ടുള്ളതെന്നു പരിശോധിച്ചു ഉറപ്പു വരുത്തുക. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നതായി തോന്നിയാല്‍ ഉടനേ ബാങ്കിനെ അറിയിക്കുക.
ലൈസന്‍സുള്ള ആന്റി വൈറസ് ഉപയോഗിക്കുക
നിങ്ങളുടെ കംപ്യൂട്ടറില്‍ ലൈസന്‍സ് ഉള്ള ആന്റി വൈറസ് സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുക. മാത്രവുമല്ല, ഈ ആന്റി വൈറസ് സോഫ്റ്റ്‌വേര്‍ കാലോചിതമായി അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഇതുവഴി രഹസ്യമായി സൂക്ഷിക്കേണ്ട എല്ലാ വിവരങ്ങളും അത്തരത്തില്‍ സംരക്ഷിക്കപ്പെടാന്‍ സഹായിക്കുന്നു.