കൊച്ചി: സര്‍ക്കാര്‍ സ്കൂളുകളിലെ മൂത്രപ്പുരകളുടെ നിലവാരം ഉയര്‍ത്തണമെന്ന് ബാലാവകാശ കമ്മീഷന്‍. പെണ്‍കുട്ടികളില്‍ മൂത്രസംബന്ധമായ അസുഖം വര്‍ധിക്കുകയാണ്. ഇക്കാര്യം അടിയന്തരമായി ശ്രദ്ധിക്കണമെന്നും അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍ബന്ധമായും വ്യവസ്ഥ ചെയ്യണമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി നിര്‍ദേശിച്ചു.കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നതായി കമ്മീഷന് ബോധ്യപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. എറണാകുളത്ത് മറൈന്‍ഡ്രൈവ് കേന്ദ്രമായി കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കുന്ന സംഘമുണ്ടെന്നും ഇക്കാര്യം എക്‌സൈസ്, പോലീസ് വിഭാഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ചുമയ്ക്കുള്ള, ആല്‍ക്കഹോള്‍ ചേര്‍ന്ന മരുന്നുകള്‍ കുട്ടികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന പരാതിയുമുണ്ട്. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരും അതീവ ശ്രദ്ധ പുലര്‍ത്തണമെന്നു കമ്മീഷന്‍ നിര്‍ദേശിച്ചു. എറണാകുളം ജില്ലയില്‍ ആണ്‍-പെണ്‍കുട്ടികളുടെ അനുപാതത്തിലുണ്ടാകുന്ന കുറവ് പരിശോധിക്കേണ്ടതാണ്. 1000 പുരുഷന്‍മാര്‍ക്ക് 961 സ്ത്രീ എന്നതാണ് ഇപ്പോഴത്തെ കണക്ക്. സംസ്ഥാന ശരാശരി 1,084 ആണെന്നിരിക്കെയാണ് ഇവിടെ ഈ കുറവ് കാണിക്കുന്നത്. മറ്റു ചില ജില്ലകളിലും അനുപാതം കുറയുന്നുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.