പുനലൂര്‍: സ്കൂള്‍ കുട്ടികളില്‍ കഞ്ചാവിന്റെയും പാന്‍മസാലയുടെയും ഉപയോഗം വര്‍ധിക്കുന്നു. പോലീസും എക്‌സൈസും അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുനലൂരിലെ പ്രമുഖ സ്കൂളുകളുടെ പരിസരങ്ങളില്‍ കഞ്ചാവും പാന്‍മസാലയും ദിവസേന വന്‍ തോതില്‍ വിറ്റഴിക്കുന്നു. ഇതിനായി യുവാക്കളുടെ സംഘങ്ങളാണ് രംഗത്തുളളത്. ബൈക്കിലെത്തുന്ന യുവാക്കള്‍ സ്കൂള്‍ കുട്ടികളെ സ്വാധീനിച്ച് കഞ്ചാവു വില്‍ക്കുകയാണ്. പൊതികളിലാക്കിയ കഞ്ചാവ് ഉപയോഗിക്കുന്ന കുട്ടികള്‍ തന്നെ മറ്റു കുട്ടികളിലും ഇതിന് പ്രേരണ നല്‍കുന്നു.
ഇത്തരം പ്രേരണ മൂലമാണ് കഞ്ചാവു വില്‍പന വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുനലൂരില്‍ സ്കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തുന്ന പത്തോളം സംഘങ്ങളുണ്ട്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ചില യാചകര്‍ പാന്‍ മാസലയുടെ വില്‍പനക്കാരാണ് . പകല്‍ യാചക വേഷത്തില്‍ നടക്കുന്ന ഇക്കൂട്ടര്‍ ചില രഹസ്യ കേന്ദ്രങ്ങളില്‍ പാന്‍മസാല വില്‍പനയും നടത്തുന്നു.
സ്കൂള്‍ കുട്ടികള്‍ക്കും ചില സംഘങ്ങള്‍ പാന്‍മസാല നല്‍കാറുണ്ട്. സ്കൂള്‍ പരിസരത്തുളള ചില കടകളിലും പാന്‍മസാല രഹസ്യമായി വിറ്റഴിക്കുന്നു. കഴിഞ്ഞ ഒരാഴ്ച മുമ്പ് പുനലൂരിലെ ഒരു സ്കൂള്‍ പരിസരത്തു നിന്ന് കാറില്‍ കഞ്ചാവു വില്‍പന നടത്തിയ അഞ്ചംഗ സംഘത്തെ പുനലൂര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത കാറിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
തമിഴ്‌നാട്ടില്‍ നിന്നും മറ്റും വന്‍ തോതില്‍ കഞ്ചാവും പാന്‍മസാലയും അതിര്‍ത്തി കടന്നെത്തുന്നു. അധികാരികളുടെ സമ്മതത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്. ശക്തമായ റെയ്ഡുകള്‍ സംഘടിപ്പിച്ച് ഇത്തരം സംഘങ്ങളെ പിടികൂടണമെന്നാണ് ആവശ്യം ഉയരുന്നത്.