മാതൃകാ പരമായ പ്രവൃത്തി..! ആഞ്ഞിലിമര മുത്തശിക്ക് വൃക്ഷായുര്‍വേദപ്രകാരം ചികിത്സ നല്‍കി ചിറക്കടവ് ഗവണ്‍മെന്റ് എല്‍പി സ്കൂളും പ്രകൃതി സ്‌നേഹികളും

ktm-aanjiliപൊന്‍കുന്നം: രോഗബാധിതയായ ആഞ്ഞിലിമര മുത്തശിക്ക് വൃക്ഷായുര്‍വേദപ്രകാരം ചികിത്സ നടത്തി. ചിറക്കടവ് ഗവണ്‍മെന്റ് എല്‍പി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും പ്രകൃതി സ്‌നേഹികളും ചേര്‍ന്നാണ് മാതൃകാപരമായ ഈ പ്രവര്‍ത്തനം നടത്തിയത്.

കാലപ്പഴക്കം ചെന്ന ആഞ്ഞിലിമരത്തിന്റെ 25 അടി ഉയരത്തില്‍ നിന്നു തൊലി പൊട്ടി വെള്ളമൊഴുകുന്ന രോഗമായിരുന്നു ബാധിച്ചത്. ചിതല്‍പ്പുറ്റ് മണ്ണ്, നാടന്‍പശുവിന്റെ ചാണകം. പശുവിന്‍പാല്‍, കദളിപ്പഴം, നെയ്യ്, ചെറുതേന്‍, എള്ള് എന്നിവ പ്രത്യേക രീതിയില്‍ കൂട്ടിയ മിശ്രിതമാണ് വെള്ളം തൊടാതെ മരുന്നാക്കിയെടുത്തത്. മരത്തിന്റെ കേടുവന്ന ഭാഗം ചുരണ്ടി വൃത്തിയാക്കി ശുദ്ധജലത്തില്‍ കഴുകിയ ശേഷം മരുന്ന് ലേപനം ചെയ്യുകയായിരുന്നു. പിന്നീട് കോട്ടണ്‍ തുണിയുപയോഗിച്ച് ചണനൂലുകൊണ്ട് കെട്ടിവച്ചു. തറനിരപ്പില്‍ നിന്ന് 25 അടി ഉയരത്തില്‍ പ്രത്യേകം തയാറാക്കിയ സ്റ്റാന്‍ഡില്‍ നിന്നാണ് ചികിത്സ നടത്തിയത്.

വൃക്ഷായുര്‍വേദപ്രകാരമുള്ള കൂട്ടു തയാറാക്കുന്നതിനും ചികിത്സ നല്‍കുന്നതിനും വനമിത്ര അവാര്‍ഡ് ജേതാവും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ കെ. ബിനു നേതൃത്വം നല്‍കി. പഞ്ചായത്തംഗം ബി. രവീന്ദ്രന്‍ നായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.വി. അംബിക, സീനിയര്‍ അസിസ്റ്റന്റ് പി.ജി. ഷീലാകുമാരി, അധ്യാപികമാരായ കെ.ബി. ബബിത, ടി.വി. ബേബി, വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന കോര്‍ഡിനേറ്റര്‍ എസ്. ബിജു, പരിസ്ഥിതി പ്രവര്‍ത്തകരായ സുമേഷ്, എം.ജി. രാജേഷ് മെത്തായത്തേല്‍, സുനില്‍ വാഴൂര്‍ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

ചടങ്ങില്‍ കെ. ബിനുവിനെ സ്കൂളും പിടിഎയും ചേര്‍ന്ന് ഉപഹാരം നല്‍കി ആദരിച്ചു. ആഞ്ഞിലി മരത്തില്‍ നിന്നു ലഭിച്ച പേരാല്‍തൈ സ്കൂളിന്റെ പേരു നിലനിര്‍ത്തുന്നതിനായി ചടങ്ങില്‍ പങ്കെടുത്തവര്‍ ചേര്‍ന്നു സ്കൂള്‍ വളപ്പില്‍ നട്ടു.

Related posts