തലശേരി: ചൊക്ലിയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന വാഹനം തടഞ്ഞു ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പിച്ചു. ദേഹമാസകലം വെട്ടേറ്റു ഗുരുതരമായ പരിക്കുകളോടെ പൂക്കോം ഇളയടത്ത് താഴെകുനിയില്‍ ഇ.കെ. ബിജുവിനെ (39) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ എട്ടോടെ ചൊക്ലി സി.പി. റോഡിലായിരുന്നു സംഭവം. സ്കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ഷിജുവിനെ വാഹനം തടഞ്ഞു നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്ന ബിജുവിനെ ഓടിക്കൂടിയ നാട്ടുകാര്‍ ആദ്യം ചൊക്ലി മെഡിക്കല്‍ സെന്റിലും പിന്നീട് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രഥമശുശ്രൂഷ നല്‍കിയശേഷമാണു കോഴിക്കോട്ടേക്കു കൊണ്ടുപോയത്. തലയ്ക്കും കൈകാലുകള്‍ക്കും വെട്ടേറ്റിട്ടുള്ള ബിജുവിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
അക്രമത്തെ തുടര്‍ന്നു ചൊക്ലി മേഖലയില്‍ പോലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി. കൂടുതല്‍സേനയെ പ്രദേശത്തു വിന്യസിച്ചിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ സിപിഎം സംഘമാണെന്നു ബിജെപി ആരോപിച്ചു. ആസൂത്രിതമായ അക്രമമാണു ബിജുവിനുനേരേ നടന്നതെന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി. സത്യപ്രകാശ് പറഞ്ഞു. നാട്ടിലുടനീളം അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണു സിപിഎം ശ്രമിക്കുന്നത്. സമാധാനാന്തരീക്ഷം തകര്‍ത്ത് അതിലൂടെ മുതലെടുപ്പിനുള്ള ശ്രമമാണു സിപിഎം നടത്തുന്നത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍തയാറാകണമെന്നും സത്യപ്രകാശ് ആവശ്യപ്പെട്ടു.