പത്തനംതിട്ട: സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കുകയെന്ന ലക്ഷ്യത്തോടെ പോലീസിന്റെ നേതൃത്വത്തില്‍ സ്ത്രീ സൗഹൃദ ഓട്ടോകളായ ഷീ ഓട്ടോ പദ്ധതിക്ക് പത്തനംതിട്ടയില്‍ തുടക്കമായി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 140 ഓട്ടോറിക്ഷകളാണ് ആദ്യഘട്ടത്തില്‍ ഷീ ഓട്ടോകളായി പ്രവര്‍ത്തിക്കുക. ജില്ലയിലെ എല്ലാ ഓട്ടോറിക്ഷകളും സ്ത്രീ സൗഹൃദമായി മാറണമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ഷീ ഓട്ടോകളായി പ്രവര്‍ത്തിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണം. ഒരു നഗരത്തിന്റെ സ്പന്ദനം അറിയാവുന്നവരാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍. സാധാരണ സ്ത്രീകള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന പൊതുഗതാഗത മാര്‍ഗമാണ് ഓട്ടോറിക്ഷകളെന്നും അദ്ദേഹം പറഞ്ഞു.
പമ്പ ഒഴിച്ചുള്ള എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഷീ ഓട്ടോകളുടെ സേവനം ലഭിക്കും. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. എല്ലാവരുടെയും പൂര്‍ണവിവരവും പോലീസിന്റെ പക്കലുണ്ട്. ഡ്രൈവറുടെ സീറ്റിനു പിന്നില്‍ യാത്രക്കാര്‍ക്ക് കാണാവുന്ന വിധത്തില്‍ ഡ്രൈവര്‍മാരുടെ ഫോട്ടോയും മേല്‍വിലാസവും എഴുതിയ സ്റ്റിക്കര്‍ പതിക്കും. ഇതില്‍ വാഹനത്തിന്റെ നമ്പര്‍, ക്രൈം സ്റ്റോപ്പര്‍ നമ്പര്‍, വനിതാ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ എന്നിവയുമുണ്ടാകും. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഓട്ടോറിക്ഷകളെ ഷീ ഓട്ടോ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഡ്രൈവര്‍ മാരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെയും ഓട്ടോറിക്ഷയില്‍ പതിക്കാനുള്ള സ്റ്റിക്കറിന്റെയും വിതരണം എസ്പി നിര്‍വഹിച്ചു.
ഭരണവിഭാഗം ഡിവൈഎസ്പി ആര്‍.പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഡിവൈഎസ്പി സന്തോഷ്കുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്‍.പാര്‍ഥസാരഥിപിള്ള, വനിതാസെല്‍ സിഐ എസ്.സതി എന്നിവര്‍ പ്രസംഗിച്ചു. പൊതുഗതാഗതവും സ്ത്രീ സുരക്ഷയും എന്ന വിഷയത്തില്‍ പത്തനംതിട്ട എഎംവിഐ റോഷന്‍ സാമുവല്‍, നിയമവും സ്ത്രീ സുരക്ഷയും എന്ന വിഷയത്തില്‍ ഡിവൈഎസ്പി ആര്‍.പ്രദീപ്കുമാര്‍, സ്ത്രീ സൗഹൃദം എന്ന വിഷയത്തില്‍ ക്രൈംബ്രാഞ്ച് ഫാമിലി കൗണ്‍സലര്‍ അന്‍സിയ ഹബീബ് എന്നിവര്‍ ക്ലാസുകളെടുത്തു.