സ്വകാര്യബസുകളുടെ അമിതവേഗത; മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ അപകടം പതിവാകുന്നു

KNR-ACCIDENTമട്ടന്നൂര്‍: സ്വകാര്യബസുകളുടെ അമിതവേഗത മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ അപകടം പതിവാകുന്നു. ആറുമാസത്തിനിടെയുണ്ടായ നിരവധി അപകടങ്ങളില്‍ നാലുപേര്‍ മരിക്കുകയും 50ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മെക്കാഡം റോഡായതിനാല്‍ ഇറക്കവും വളവും നോക്കാതെ സ്വകാര്യബസുകള്‍ അമിതവേഗതയില്‍ പോകുന്നതാണ് അപകടം വിളിച്ചുവരുത്തുന്നത്. പുന്നാട്, കൂരന്‍മുക്ക്, വളോര, പത്തൊമ്പതാംമൈല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടങ്ങള്‍ പതിവാകുന്നത്.

പുന്നാട് വളവില്‍ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചതിന് പിന്നാലെയായിരുന്നു കൂരന്‍മുക്കില്‍ ബൈക്കില്‍ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിക്കുന്നത്. ഇതിനുശേഷം വലുതും ചെറുതുമായ നിരവധി അപകടങ്ങള്‍ ഉണ്ടായെങ്കിലും അപകടം ഒഴിവാക്കേണ്ട നടപടികള്‍ പോലീസ് സ്വീകരിക്കുന്നില്ല. ഇന്നലെ ചാവശേരി വളോരയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനിയടക്കം നാലുപേര്‍ക്കാണ് പരിക്കേറ്റത്.

കാര്‍ യാത്രക്കാരായ റിട്ട. അധ്യാപിക മീത്തലെ പുന്നാട് പ്രണവത്തില്‍ കെ. ജാനകി (79), മകന്‍ പി.പി. ബൈജു (44), കെ. പ്രസന്ന (38), ജീവന്തിക (8) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിതവേഗതയിലും മത്സരയോട്ടം നടത്തുന്ന ബസുകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലീസ് തയാറായാല്‍ മാത്രമേ അപകടം കുറയ്ക്കാന്‍ സാധിക്കുമെന്നു നാട്ടുകാര്‍ പറയുന്നു.

Related posts