ആലപ്പുഴ: കര്‍ഷകരില്‍ നിന്നും സ്വകാര്യ മില്ലുടമകള്‍ നെല്ലു സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തന്‍ ഒരുങ്ങുന്നു. സംഭരിക്കുന്ന നെല്ല് മില്ലുകളിലെത്തിച്ച് കുത്തി അരിയാക്കി തിരികെ സപ്ലൈ കോയ്ക്ക് നല്‍കുന്നതിനിടയില്‍ ക്രമക്കേടുകള്‍ നടക്കുന്നതായുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് സ്വകാര്യ മില്ലുടമകള്‍ക്ക് നെല്ല് സംഭരിക്കുന്ന കാര്യത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് സിവില്‍ സ്‌പൈസ് സംഭരിക്കുന്ന നെല്ലില്‍ ഭൂരിഭാഗവും സ്വകാര്യ മില്ലുടമകളാണ് കുത്തി അരിയാക്കി തിരികെ സിവില്‍ സപ്ലൈസിന് നല്‍കുന്നത്. കൃഷി വകുപ്പിന് സംസ്ഥാനത്ത് രണ്ട് മില്ലുകള്‍ മാത്രമാണുള്ളത്. പാലക്കാട് ജില്ലയിലെ ആലത്തൂരും വെച്ചൂരും. സിവില്‍ സപ്ലൈസ് തകഴിയില്‍ മില്ല് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുകയാണ്. കൂടാതെ ആലത്തൂരുള്ള മില്ല് കൃഷി വകുപ്പില്‍ നിന്നും സപ്ലൈ കോ ഏറ്റെടുക്കണമെന്ന ആവശ്യവും വകുപ്പു തലത്തിലുണ്ടായിട്ടുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ വകുപ്പിന്റെ പരിഗണനയിലാണ്.
വര്‍ഷങ്ങളായി സ്വകാര്യ മില്ലുടമകളുടെ നെല്ലുസംഭരണം സംബന്ധിച്ച ആക്ഷേപങ്ങളുയര്‍ന്നിരുന്നു. സപ്ലൈകോ ഉദ്യോഗസ്ഥര്‍ സംഭരിക്കുന്ന നെല്ല് മില്ലുകളിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടും ഇതു കുത്തി അരിയാക്കുന്നതിനിടയിലും പരിശോധനകള്‍ നടത്തണമെന്നതാണ് ചട്ടമെങ്കിലും ഇത് കടലാസിലൊതുങ്ങിയിരുന്നതാണ് ഇത്തരത്തില്‍ ക്രമക്കേടുകള്‍ നടന്നിരുന്നത്. സംഭരണവുമായി ബന്ധപ്പെട്ട് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശം നല്‍കിയതോടെ ഇത്തരം ക്രമക്കേടുകള്‍ക്കു അവസാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.