കറുകച്ചാല്‍: സ്വകാര്യവാഹനം ആംബുലന്‍സിനു വഴിമാറിയില്ല. വെട്ടിച്ചുമാറ്റിയതിനെത്തുടര്‍ന്ന് ആംബുലന്‍സില്‍നിന്നു രോഗിയെ കിടത്തിയിരുന്ന സ്ട്രച്ചറിന്റെ ബന്ധം വേര്‍പെട്ടു. ഇന്നലെ വൈകുന്നേരം 5.30ന് കറുകച്ചാല്‍ ടൗണില്‍ ഗുരുമന്ദിരത്തിനു സമീപമാണ് സംഭവം. മല്ലപ്പള്ളിയില്‍നിന്നു കോട്ടയത്തേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലന്‍സ്. സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സിനു തൊട്ടു മുന്നിലായി സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ സഞ്ചരിച്ച ആഡംബര കാറാണ് ആംബുലന്‍സിനു സൈഡ് കൊടുക്കാതെ മുന്നില്‍ സഞ്ചരിച്ചത്.
ഹോണ്‍മുഴക്കിയും സൈറണ്‍ ഇട്ടും മുന്നോട്ട് നീങ്ങിയെങ്കിലും ആംബുലന്‍സിനു മുന്നോട്ടു പോകാന്‍ വഴി ലഭിച്ചില്ല. ഇതിനെത്തുടര്‍ന്ന് കാറിനെ മറികടന്നുപോകാന്‍ ആംബുലന്‍സിന്റെ ഡ്രൈവര്‍ വാഹനം വലതുവശത്തേക്ക് വീശിയെടുത്തപ്പോള്‍ വണ്ടി ഉലയുകയും രോഗിയെ കിടത്തിയിരുന്ന സ്ട്രച്ചറുമായി വണ്ടിയില്‍ ബന്ധിപ്പിക്കുന്ന കൊളുത്ത് ഊരി മാറുകയും ആയിരുന്നു. രോഗിയുമായി സ്ട്രച്ചര്‍ പിന്നിലേക്ക് നീങ്ങിയതു കണ്ട് ആംബുലന്‍സിലുണ്ടായിരുന്ന ബന്ധുക്കള്‍ ബഹളം വച്ചപ്പോഴാണ് ഡ്രൈവര്‍ സംഭവം അറിയുന്നത്.
ഇതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ആംബുലന്‍സ് നിര്‍ത്തി. പിന്നീട് കൊളുത്ത് ഘടിപ്പിച്ച് യാത്ര തുടര്‍ന്നു. സംഭവം കണ്ട് വഴിയാത്രക്കാരും തടിച്ചുകൂടി. കാറിന്റെ ഗ്ലാസുകള്‍ ഉയര്‍ത്തിവച്ചിരുന്നതിനാല്‍ ആംബുലന്‍സിന്റെ സൈറണ്‍ കേട്ടില്ലെന്നാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞത്.