സ്വകാര്യവ്യക്തിയുടെ ഫാമില്‍നിന്നും മലിനജലം തള്ളുന്നതായി പരാതി

pkd-malinajalamശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം പഞ്ചായത്തില്‍ ആലങ്ങാട് പുത്തില്ലത്ത് സ്വകാര്യവ്യക്തിയുടെ ഫാമില്‍നിന്നും മലിനജലം ഒഴുക്കിവിടുന്നതായി പരാതി. മാധളിക്കുന്ന് ജോര്‍ജ് എന്നയാളുടെ പശു, പന്നി, കോഴി ഫാമില്‍നിന്നുള്ള പുറത്തേക്ക് ഒഴുക്കുന്ന  മലിനജലമാണ് പ്രദേശവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.മലിനജലം റോഡിലേക്കു ഒഴുകിയെത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രദേശവാസികള്‍ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്കിയത്. ഫാമിനെതിരേ പ്രദേശവാസികള്‍ കര്‍മസമിതി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാം നിര്‍ത്തണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ ദുര്‍ഗന്ധവും പകര്‍ച്ചവ്യാധി ഭീഷണിയുമുള്ള സാഹചര്യത്തില്‍ എത്രയുംവേഗം മാലിന്യസംസ്കരണത്തിനു നടപടിയെടുക്കണമെന്ന് ആരോഗ്യവകുപ്പ് ഇവര്‍ക്ക് നോട്ടീസ് നല്കിയിരുന്നു.ബയോഗ്യാസ് പ്ലാന്റ്, മലിനജലം ശേഖരിക്കുന്നതിനു 14 കോല്‍ ആഴമുള്ള കുഴി എന്നിവ ഫാമിലുണ്ടെന്നു  ഉടമ പറയുന്നുണ്ടെങ്കിലും മലിനജലം റോഡിലൂടെയാണ് ഒഴുകുന്നത്. രണ്ടുപശുവും അഞ്ചു പന്നികളും കോഴിഫാമും ഉള്‍പ്പെടെ ഒന്നരയേക്കര്‍ സ്ഥലത്താണ് ഫാം പ്രവര്‍ത്തിക്കുന്നത്.പുറത്തേക്ക് മാലിന്യം ഒഴുകിപോകുന്നില്ലെന്നും പരാതി രാഷ്ട്രീയപ്രേരിതമാണെന്നുമാണ് ഫാം ഉടമ ജോര്‍ജ് പറയുന്നത്.

Related posts