ഇരിട്ടി: പുന്നാട് അപകടത്തെത്തുടര്‍ന്ന് സ്വകാര്യ ബസുകളുടെ അമിത വേഗതയ്ക്കും അപകടത്തിനുമെതിരെ മോട്ടോര്‍വാഹന വകുപ്പ് നടപടി തുടങ്ങുന്നു. ആവര്‍ത്തിച്ചുണ്ടാകുന്ന അപകടത്തെത്തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെപ്പറ്റി ആലോചിക്കാന്‍ നാളെ രാവിലെ കണ്ണൂര്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ യോഗം ചേരും. ബസ്് ഉടമ സംഘടനാ പ്രതിനിധികളും ബസ് ഡ്രൈവര്‍മാരുടെ തൊഴിലാളി സംഘടന പ്രതിനിധികള്‍ക്കും പുറമെ ജോയിന്റ് ആര്‍ടിഒമാര്‍, ജില്ലാ പോലീസ് മേധാവി, വാഹന വകുപ്പിന്റെയും പോലീസ് സേനയിലെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
അമിതവേഗത നിയന്ത്രിക്കുന്നതിനും സുരക്ഷിതത്വത്തോടുകൂടിയുള്ള വാഹനയാത്ര ഉറപ്പുവരുത്തുന്നതിനും മത്സരയോട്ടം നിയന്ത്രിക്കുന്നതിനുമാണ് എല്ലാ വകുപ്പു മേധാവികളെയും ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളെയും ഒന്നിച്ചിരുത്തി സംയുക്ത യോഗം നടത്തുന്നതെന്നും ആര്‍ടിഒ മോഹനന്‍ നമ്പ്യാര്‍ പറഞ്ഞു. പുന്നാട് അപകടത്തെക്കുറിച്ച് ഇരിട്ടി സിഐ വി.ഉണ്ണിക്കൃഷ്ണന്‍ അന്വേഷണം തുടങ്ങി. ബസുകള്‍ക്ക് സ്പീഡ് ഗവേണര്‍ ഉണ്ടായിരുന്നോ, അപകടസമയത്ത് അത് പ്രവര്‍ത്തിച്ചിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് സിഐ പറഞ്ഞു. പുന്നാട് ബസപകടത്തില്‍ രണ്ട് ഡ്രൈവര്‍മാരും യാത്രക്കാരിയായ യുവതിയും മരിക്കുകയും നിരവധിപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഒരപകടത്തില്‍ രണ്ട് ബസിലെയും ഡ്രൈവര്‍മാര്‍ മരിക്കുന്നത് ജില്ലയിലെ ആദ്യ സംഭവമാണ്.
ഇന്നു മുതല്‍ വാഹന പരിശോധനയും നടപടിയും കര്‍ശനമാക്കും. പരിശോധനയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ആര്‍ടിഒ അഭ്യര്‍ഥിച്ചു. ലൈസന്‍സ് പുതുക്കാതെയും മതിയായ രേഖകള്‍ ഇല്ലാതെയും ബസുകള്‍ സര്‍വീസ് നടത്തിയാല്‍ പിടിച്ചെടുക്കും. ഹെവി ലൈസന്‍സില്ലാതെ ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കും. സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കും. ജില്ലയിലെ മുഴുവന്‍ ബസ് ഡ്രൈവര്‍മാരുടെയും ലൈസന്‍സുകള്‍ പരിശോധിക്കും.ഇതിനായി തലശേരി ജോയിന്റ് ആര്‍ടിഒയ്ക്ക് ചുമതലയും നല്‍കിയിട്ടുണ്ട്. അഞ്ചു ദിവസത്തിനുള്ളില്‍ മുഴുവന്‍ പരിശോധനയും പൂര്‍ത്തിയാക്കും. അലക്ഷ്യമായും അമിതവേഗതയിലും വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയും പോലീസിന്റെ കൂടി സഹായത്തോടെ കര്‍ശന നടപടി സ്വീകരിക്കും.