കണ്ണൂര്‍: സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി, എസ്ടിയു എന്നീ സംഘടനകളടങ്ങിയ സ്വകാര്യ ബസ് തൊഴിലാളി യൂണിയന്‍സ് 15 മുതല്‍ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കി. നിയമപ്രകാരമുള്ള ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കണം. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്കു നിയമാനുസൃതം ലഭിക്കേണ്ടുന്ന 627 രൂപ ക്ഷാമബത്ത ജൂലൈ മാസം ആയിട്ടും നല്‍കാത്ത സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയത്.
ഇക്കഴിഞ്ഞ എട്ടിന് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തില്‍ വരുമാനക്കുറവുണ്ടെന്നും ബസ്ചാര്‍ജ് വര്‍ധന നടപ്പാവുന്നതുവരെ ഡിഎ അനുവദിക്കില്ലെന്നും തൊഴിലാളികളുടെ ജീവിത പ്രയാസം ബസുടമകള്‍ക്കു ബാധകമല്ലെന്നുമുള്ള ബസ് ഉടമകളുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഈ സാഹചര്യത്തില്‍ സമരം വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സമരസമിതി കണ്‍വീനര്‍ കെ. ജയരാജന്‍ പ്രസ്താവനയില്‍ അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ സ്വകാര്യ ബസ് ജീവനക്കാരോടും യോഗം അഭ്യര്‍ഥിച്ചു.