സ്വന്തം കവിതക്ക് ദൃശ്യഭാഷ്യം ചമച്ച് ഗിരി

tcr-unniതൃശൂര്‍: നൂറുകണക്കിന് മ്യൂസിക് ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമുകളും ഓരോ ദിവസവും പുറത്തിറങ്ങുന്ന ഇക്കാലത്ത് അധികമാരും തൊടാത്ത കവിതയുടെ ദൃശ്യാവിഷ്കാരവുമായി ഗിരിയെന്ന യുവാവ് പുതിയ പ്രതീക്ഷയേകുന്നു. ഗിരി തന്നെ എഴുതി ഈണം നല്‍കിയ അമ്മയ്ക്ക് ഒരു ഉമ്മ എന്ന ചെറുകവിതയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. അമ്മ നഷ്ടപ്പെട്ട ഒരു കുട്ടിയുടെ മനസിന്റെ ദു:ഖമാണ് ഈ കവിതയിലൂടെ ഗിരി ആവിഷ്കരിച്ചിരിക്കുന്നത്.

ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് ആല്‍ബങ്ങളും നേടുന്നയത്ര പ്രചാരം തന്റെ കവിതയുടെ ദൃശ്യാവിഷ്കാരം നേടുമോ എന്ന കാര്യത്തില്‍ ഗിരിക്ക് ആശങ്കയുണ്ടെങ്കിലും എല്ലാവരും ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നുള്ളതുകൊണ്ടാണ് കവിതയിലേക്ക് തിരിഞ്ഞതെന്ന് ഗിരി പറഞ്ഞു. നേരത്തെ ഓണപ്പാട്ടുകളും മറ്റും ദൃശ്യവത്കരിച്ച് ഗിരി യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ജി.ജെ.ക്രിയേഷന്‍സാണ് അമ്മയ്ക്ക് ഒരു ഉമ്മ നിര്‍മിച്ചിരിക്കുന്നത്. അഞ്ചു മിനുറ്റ് 36 സെക്കന്റാണ് കവിതയുടെ ദൈര്‍ഘ്യം. അടുത്തയാഴ്ച ഇത് യു ട്യൂബില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഗിരി പറഞ്ഞു. ശോഭു ആലത്തൂരാണ് കവിത ആലപിച്ചിരിക്കുന്നത്. അമ്മയായി ചേര്‍പ്പ് സ്കൂളിലെ അധ്യാപിക അനന്തലക്ഷ്മി ഇഞ്ചുമുടിയും മകനായി കരുവന്നൂര്‍ സ്വദേശി അനുമോനുമാണ് അഭിനയിച്ചിരിക്കുന്നത്. രാജന്‍ ഇഞ്ചുമുടി, ലിയാഖത്ത് അലി, രാജേഷ് കണിമംഗലം എന്നിവരാണ് മറ്റഭിനേതാക്കള്‍. ഛായാഗ്രഹണവും എഡിറ്റിംഗും സി.എ.ബിബിന്‍ നിര്‍വഹിച്ചിരിക്കുന്നു. മലയാളത്തിലെ പ്രശസ്തമായ കവിതകള്‍ വിഷ്വലൈസ് ചെയ്യാനുള്ള ഒരുക്കങ്ങളിലാണ് ഗിരിയിപ്പോള്‍.

Related posts