സ്വന്തം ചിഹ്നത്തില്‍ വോട്ട് ചെയ്തു; പിന്നെ വോട്ടിനായുള്ള ഓട്ടമായി

EKM-ANVARആലുവ: ഒന്നര മാസത്തെ വോട്ടഭ്യര്‍ഥിച്ചുള്ള  നെട്ടോട്ടത്തിനിടയില്‍ അവര്‍ ഇത്തിരി നേരം കാത്തുനിന്നത്  സ്വന്തം പേരിനു ചേര്‍ന്നുള്ള ചിഹ്നത്തില്‍ വോട്ട് ചെയ്യാനാണ്. രാവിലെ ഏഴുമണിയോടു കൂടി തന്നെ ആ കൃത്യം നിര്‍വഹിച്ചശേഷം  വീണ്ടും അവര്‍ വോട്ട് തേടിയുള്ള  ഓട്ടം തുടര്‍ന്നു.  ആലുവ നിയോജകമണ്ഡലത്തിലെ പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ അവരുടെ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് ചെയ്തശേഷം  എല്ലാ ബൂത്തുകളിലും സന്ദര്‍ശിച്ച് വോട്ടര്‍മാരെയും പ്രവര്‍ത്തകരെയും കാണാനുള്ള തിരക്കിലാണ്.

യുഡിഎഫ്  സ്ഥാനാര്‍ഥി  അന്‍വര്‍ സാദത്ത് രാവിലെ ഏഴിന് ചെങ്ങമനാട് പുതുവാശേരി കമ്യൂണിറ്റി ഹാളിലെ ബൂത്തിലെത്തി വോട്ട് ചെയ്തു.  നഗരത്തിലെ പൂര്‍ണ്ണാനഗറില്‍ താമസിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ.വി.സലിമും ആലുവ മുനിസിപ്പല്‍  ലൈബ്രറിയിലെ ബൂത്തിലെത്തി രാവിലെ തന്നെ  വോട്ട് രേഖപ്പെടുത്തി.  ഇവരുടെയും ഭാര്യമാര്‍ സ്ഥാനാര്‍ഥി ഭര്‍ത്താക്കന്മാരെ ഒരുക്കി അയക്കുന്ന തിരക്കിലായതിനാല്‍  പിന്നീടെത്തിയാണ് വോട്ട് ചെയ്ത.് ബിജെപി  സ്ഥാനാര്‍ഥി ലതാ ഗംഗാധരന്‍ കുടുംബസമേതമെത്തി ചെങ്ങമനാട് പഞ്ചായത്തിലെ കുന്നുംപുറം  കൃഷിഭവനിലെ ബൂത്തില്‍ രാവിലെ തന്നെ വോട്ടുറപ്പിച്ചു.

ജനസേവ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് മാവേലിയും രാവിലെ തന്നെ  ഭാര്യ റോസിയോടൊപ്പമെത്തി തായിക്കാട്ടുകര എസ്പിഡബ്ല്യുഎച്ച്എസ് ബൂത്തില്‍ വോട്ട് ചെയ്തു. മണ്ഡലത്തിലെ സെലിബ്രേറ്റി വോട്ടര്‍മാരില്‍ നിവിന്‍ പോളി ഇക്കുറി വോട്ട് ചെയ്യാന്‍ ഉണ്ടാകില്ല. തോട്ടയ്ക്കാട്ടുകരയില്‍ താമസിക്കുന്ന നിവിന്‍പോളി സ്വിറ്റ്‌സര്‍ലന്‍ഡിലാണ്. നടന്‍ ദിലീപിന് ആലുവ നാഷണല്‍ ഹൈവേ ഓഫീസിലാണ് ബൂത്തിലാണ് വോട്ട്. പ്രേമം സിനിമയുടെ സംവിധായകന്‍  അല്‍ഫോണ്‍സ് പുത്രന് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ബൂത്തില്‍ വോട്ടുണ്ട്.

നടന്മാരായ ടിനി ടോം തായ്ക്കാട്ടുകര എസ്പിഡബ്ല്യുഎച്ച്എസിലും  സാജു കൊടിയന്‍  ചുണങ്ങംവേലി സെന്റ് ജോസഫ് യു.പി സ്കൂളിലും വോട്ട് രേഖപ്പെടുത്തും. തോരാകെ മഴയുണ്ടെങ്കിലും മണ്ഡലങ്ങളിലെ വോട്ടിംഗ് പുരോഗമിക്കുകയാണ്. വോട്ട് ചെയ്യാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും  പ്രത്യേക സംവിധാനം ഒരുക്കിയത് വോട്ടര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യമായി.  കൂടാതെ അംഗപരിമിതര്‍, കൈക്കുഞ്ഞുമായെത്തുന്ന സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ഇക്കുറി വോട്ട് ചെയ്യാന്‍ മുന്‍ഗണനയുണ്ട്.

Related posts