എടത്വ: കടത്തിണ്ണയില്‍ അവശനായി കിടന്നതിനെ തുടര്‍ന്നു പഞ്ചായത്തംഗത്തിന്റേയും പൊലീസിന്റേയും ഇടപെടലില്‍ സ്‌നേഹഭവനില്‍ എത്തിച്ച വയോധികനെ തിരിച്ചറിഞ്ഞ് കൂട്ടികൊണ്ടുപോവാന്‍ മക്കളെത്തി. തലവടി വില്ലേജ് ഓഫീസിനു സമീപം മൂന്നുദിവസമായി ആഹാരം കഴിക്കാതെ മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുമായി കിടന്ന വിശാഖപട്ടണം സ്വദേശി സദാനന്ദനെയാണ് മക്കളെത്തി കൂട്ടികൊണ്ടുപോയത്.
കഴിഞ്ഞ ഞായറാഴ്ച തലവടി ഗ്രാമപഞ്ചായത്തംഗം അജിത് കുമാര്‍ പിഷാരത്തിന്റെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെ എടത്വ ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയശേഷം ആരോഗ്യം വീണ്ടെടുത്തെങ്കിലും സദാന്ദന്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് ആനപ്രമ്പാല്‍ സ്‌നേഹഭവനില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണു മക്കള്‍ അന്വഷിച്ച് എത്തിയത്. വിദേശത്തുള്ള മകന്‍ തിരുവല്ലയില്‍ വച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങുമായി ബന്ധപ്പെട്ട് തിരുവല്ലായില്‍ എത്തിയതായിരുന്നു സദാനന്ദന്‍.
ഓര്‍മകുറവുള്ള സദാനന്ദന്‍ രാത്രിയില്‍ തിരുവല്ലായിലുള്ള മകന്റെ വീട്ടില്‍നിന്ന് ഇറങ്ങി പോവുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. രണ്ടുദിവസം മുമ്പ് തിരികെ പോകേണ്ടതായിരുന്നു. ഇതിനിടയിലാണ് കാണാതായത്. പലപ്പോഴും വീടുവിട്ട് ഇറങ്ങി പോകുന്ന സദാനന്ദനെ പലപ്പോഴും വിവിധ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തുന്നത് പതിവായിരുന്നെന്നും മക്കള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് തലവടി സ്വദേശിയായിരുന്ന സദാനന്ദന്റെ കുടുംബം മകന്റെ ജോലിസ്ഥലമായ വിശാഖപട്ടണത്ത് താമസമാക്കുകയായിരുന്നു. അച്ഛനെ കാണാതായതോടെ ഇവര്‍ തിരുവല്ലാ പോലീസില്‍ പരാതി നല്‍കീരുന്നു.