മാഡ്രിഡ്: നേട്ടങ്ങള്‍ കിരീടങ്ങളാക്കി മുന്നേറുകയാണ് ലയണല്‍ മെസി. സ്പാനിഷ് ലീഗില്‍ മെസിയുടെ ഹാട്രിക് മികവില്‍ ബാഴ്‌സലോണ വീണ്ടും ജയിച്ചു. റായോ വയ്യക്കാനോയെ ഒന്നിനെതിരേ അഞ്ചുഗോളിനാണ് ബാഴ്‌സ തകര്‍ത്തത്. ഇതോടെ 69 പോയിന്റുമായി ഒന്നാംസ്ഥാനത്തു നില ഭദ്രമാക്കിയിരിക്കുകയാണ് ബാഴ്‌സ. മുഖ്യ എതിരാളികളായ അത്‌ലറ്റിക് മാഡ്രിഡ് 61 പോയിന്റുമായി രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ റയല്‍മാഡ്രിഡ് 57 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ലാ ലിഗയില്‍ 27 മത്സരങ്ങള്‍ ബാഴ്‌സലോണ പിന്നിടുമ്പോള്‍ തോല്‍വി നേരിടാതെ 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മെസിയും സംഘവും. 1988-99 സീസണില്‍ 34 കളികളില്‍ അപരാജിതരായി നിന്നു റയല്‍മാഡ്രിഡ് സ്ഥാപിച്ച സ്പാനിഷ് റിക്കാര്‍ഡിനൊപ്പം എത്തിയ ബാഴ്‌സ ഇപ്പോള്‍ അവരെയും പിന്തള്ളിയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സ മുഖ്യഎതിരാളികളായ റയലിന്റെ റിക്കാര്‍ഡിനൊപ്പമെത്തിയത്. ഇനിയുള്ള ജയമെല്ലാം ബാഴ്‌സയ്ക്കു പുതിയ കൂട്ടിച്ചേര്‍ക്കലാകും.
മാഡ്രിഡിലെ വയ്യക്കാസ് സ്‌റ്റേഡിയത്തിലായിരുന്നു ചരിത്ര നിമിഷങ്ങള്‍ പിറന്നത്. ബാഴ്‌സയുടെ ഇവാന്‍ റാക്കിട്ടിച്ച് ആണ് സ്‌കോര്‍ ബോര്‍ഡ് തുറന്നത്. ഡിഫന്‍ഡര്‍ റയോയുടെ ഗോള്‍മുഖത്തേക്ക് ഉയര്‍ന്നെത്തിയ പന്ത് ഗോളി കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് വഴുതിവീണു. ഞൊടിയിടയില്‍ റാക്കിട്ടിച്ച് പന്ത് വലയ്ക്കുള്ളിലാക്കി. (1-0). തൊട്ടടുത്ത നിമിഷം ലയണല്‍മെസിയുടെ ഗോളും വന്നു.
മൈതാനമധ്യത്തു നിന്നു ലഭിച്ച പന്തുമായി നീങ്ങിയ മെസി എതിര്‍ ഡിഫന്‍ഡര്‍ മാര്‍ക്കിടയില്‍ നിന്ന് ഇടതുവിംഗിലൂടെ കുതിച്ച നെയ്മറിനു പാസ് നല്‍കി. ബോക്‌സിലെത്തിയ നെയ്മര്‍ സുന്ദരമായി പന്ത് മെസിക്കു തന്നെ തിരിച്ചു നല്‍കി.അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ റായോ ഡിഫന്‍ഡര്‍മാര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇടങ്കാലുകൊണ്ടു മെസി പന്ത് പോസ്റ്റിലേക്കു പായിച്ചു (2-0).
അമ്പത്തിമൂന്നാം മിനിറ്റിലായിരുന്നു മെസിയുടെ രണ്ടാം ഗോള്‍. മെസി, സുവാരസ് നീക്കത്തില്‍ നിന്നു മധ്യനിരതാരം റൊബര്‍ട്ടോ റായോ പോസ്റ്റിലേക്കു നീട്ടിയടിച്ച പന്ത് സുവാരസിന്റെ കാലിലേക്ക്. ബോക്‌സില്‍ നിന്നു സുവാരസിന്റെ കനത്ത ഷോട്ട് പക്ഷേ പോസ്റ്റിനടിയില്‍ തട്ടിത്തെറിക്കുകയായിരുന്നു. പന്ത് എത്തിയത് മെസിയുടെ കാല്‍ച്ചുവട്ടിലേക്ക്.
നിഷ്പ്രയാസം മെസി അതു പോസ്റ്റിലേക്കു തിരിച്ചുവിട്ടു. ഗോളിയുടെ കൈയില്‍ തട്ടി പന്ത് വലയിലേക്കും. (3-0). 57-ാം മിനിറ്റില്‍ റായോ ബാഴ്‌സലോണയ്‌ക്കെതിരേ ഗോള്‍ നേടി.ബാഴ്‌സ പ്രതിരോധം തുറന്ന അവസരത്തില്‍ ബോക്‌സിലേക്ക് എത്തിയ പന്ത് സഹതാരം ഹെഡ് ചെയ്തത് ഉയര്‍ന്നു ചാടി മനുചോ തലവച്ചത് കൃത്യമായിരുന്നു. (3-1).
തുടര്‍ന്ന് ആക്രമണം അഴിച്ചുവിട്ട ബാഴ്‌സയുടെ മുന്നേറ്റത്തിനൊടുവില്‍ നിന്നു ലഭിച്ച ഫീക്രിക്ക് നെയ്മര്‍ അടിച്ചുവെങ്കിലും പന്ത് ബാറില്‍ തട്ടി മടങ്ങി. കൂട്ടപ്പൊരിച്ചിലിനിടയില്‍ പന്ത് വലയ്ക്കുള്ളിലാക്കാനുള്ള ശ്രമത്തില്‍ സെര്‍ജിയോ ബുസ്കറ്റ്‌സിനെ എതിര്‍താരം ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റിയെടുത്തത് സുവാരസ്. സുവാരസിന്റെ ശക്തമായ കിക്ക് ഗോളി തട്ടിത്തെറിപ്പിച്ചു.
എഴുപത്തിരണ്ടാം മിനിറ്റില്‍ മെസിയുടെ ഊഴം. മൈതാനമധ്യത്തു നിന്നു ലഭിച്ച പന്തുമായി അതിവേഗത്തില്‍ കുതിച്ച മെസി റായോ ഡിഫന്‍ഡര്‍മാര്‍ക്ക് അവസരം നല്‍കാതെ ഗോളിയെ നിഷ്പ്രഭമാക്കി പന്ത് വലയ്ക്കുള്ളിലാക്കി (4-1). മെസിയുടെ ഹാട്രിക്. 86-ാം മിനില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മുന്‍താരം അര്‍ഡ്ര ടുറാന്റെ വകയായിരുന്നു ബാഴ്‌സയുടെ അഞ്ചാം ഗോള്‍. (5-1).