സ്‌പോടിംഗ് ജിഗോനെതിരേ ബാഴ്‌സ ജയം

sp-barzhaബാഴ്‌സലോണ: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാഴ്‌സലോണയും ലൂയി സുവാരസും സ്‌പോടിംഗ് ജിഗോന്റെ വല നിറച്ചപ്പോള്‍ സ്പാനിഷ് ലാ ലിഗയില്‍ കറ്റാലന്‍ ക്ലബ് ഒന്നാം സ്ഥാനം കൈവിടാതെ കാത്തുസൂക്ഷിച്ചു. നാലു തവണ എതിര്‍വലയില്‍ പന്തെത്തിച്ച ലൂയിസ് സുവാരസ് ഗോളുകളുടെ എണ്ണത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മറികടന്ന് സുവര്‍ണപാദുക നേട്ടത്തിനടുത്തെത്തുകയും ചെയ്തു. ഒരെണ്ണംപോലും തിരിച്ചുവാങ്ങാതെ ബാഴ്‌സലോണ സ്‌പോര്‍ട്ടിംഗ് ജിഗോന്റെ വല ആറു തവണയാണ് കുലുക്കിയത്. ലയണല്‍ മെസിയും നെയ്മറും ഓരോ ഗോള്‍ വീതമടിക്കുകയും ചെയ്തു.

ഇതോടെ സുവാരസ് റയല്‍ മാഡ്രിഡിന്റെ റൊണാള്‍ഡോയെ രണ്ടാം സ്ഥാനത്തേക്കു തള്ളി ഗോളുകളുടെ എണ്ണം 34 ആക്കി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കഴിഞ്ഞ ബുധനാഴ്ച ഡിപ്പോര്‍ട്ടിവ ല കൊരുണയെ 8-0ന് തോല്‍പ്പിച്ചപ്പോള്‍ സുവാരസ് നാലു ഗോള്‍ നേടിയിരുന്നു. ഈ സീസണിലെ ആകെ ഗോളുകള്‍ 56 ആക്കി ഉയര്‍ത്തുകയും ചെയ്തു. സീസണില്‍ ആകെ 21 അസിസ്റ്റുകളുടെ എണ്ണത്തിലും സുവാരസാണ് ഒന്നാം സ്ഥാനത്ത്.

ലാ ലിഗയില്‍ 15 തവണയാണ് ഉറുഗ്വെന്‍ താരം ഗോളടിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുത്തത്. ലാ ലിഗയില്‍ അസിസ്റ്റുകളുടെ എണ്ണത്തില്‍ 13 അവസരങ്ങള്‍ ഒരുക്കിയ മെസിയാണ് സുവാരസിനു പിന്നില്‍. ബാഴ്‌സയും അത്‌ലറ്റികോ മാഡ്രിഡും ജയിച്ചതോടെ ഏതാനും മണിക്കൂറുകള്‍ ഒന്നാം സ്ഥാനത്തിരുന്ന റയല്‍ വീണ്ടും മൂന്നാം സ്ഥാനത്തേക്കു പതിച്ചു. ബാഴ്‌സയ്ക്കും അത്‌ലറ്റികോയ്ക്കും 82 പോയിന്റുമായി; റയലിനു 81 പോയിന്റും. അത്‌ലറ്റികോ എതിരില്ലാത്ത ഒരു ഗോളിനു മലാഗയെ തോല്‍പ്പിച്ചു. ഏയ്ഞ്ചല്‍ കെറേയ (62)യുടെ ഗോളിലായിരുന്നു വിജയം.

12-ാം മിനിറ്റില്‍ മെസി ഹെഡറിലൂടെ ബാഴ്‌സയെ മുന്നിലെത്തിച്ചു. പിന്നീട് ലീഡ് ഉയര്‍ന്നത് 63-ാം മിനിറ്റില്‍ സുവാരസിലൂടെ. ഇതിനുശേഷം മൂന്നു മിനിറ്റിനുള്ളില്‍ രണ്ടു പെനാല്‍റ്റിയിലൂടെ (74, 77) ഉറുഗ്വെന്‍ താരം ഹാട്രിക് തികയ്ക്കുകയും 85-ാം മിനിറ്റില്‍ കിട്ടിയ സ്‌പോട്ട് കിക്കെടുക്കാന്‍ നെയ്മറിനെ അനുവദിച്ചുകൊണ്ട് സുവരാസ് നിസ്വാര്‍ഥ സേവനം നടത്തുകയും ചെയ്തു. 88-ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി സുവാരസ് സ്‌പോര്‍ടിംഗിന്റെ വലയില്‍ നിറയൊഴിച്ചു. മത്സരത്തില്‍ മൂന്നു പെനാല്‍റ്റികളാണ് പിറന്നത്. സ്‌പോര്‍ട്ടിംഗ് പത്തുപേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.

ആദ്യപകുതി മെസിയുടെ ഗോളില്‍ അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സ്‌പോര്‍ട്ടിംഗ് രണ്ട് അവസരങ്ങള്‍ അടുത്തടുത്ത് നേടിയെടുത്തു. എന്നാല്‍, ബാഴ്‌സ പ്രതിരോധം തടസപ്പെടുത്തി. ലീഡ് ഉയര്‍ത്താനുള്ള ശ്രമം ബാഴ്‌സ തുടരുകയും ചെയ്തു. മെസിയും സുവാരസും നെയ്മറും ജോര്‍ഡി ആല്‍ബയും അവസരങ്ങള്‍ നഷ്ടമാക്കി. എന്നാല്‍ 63-ാം മിനിറ്റില്‍ ബാഴ്‌സ സുവാരസിലൂടെ ലീഡ് ഉയര്‍ത്തി. മെസി-ആന്ദ്രെ ഇനിയസ്റ്റ-സുവാരസ് ത്രയത്തിന്റെ മികവാണ് രണ്ടാം ഗോളില്‍ കലാശിച്ചത്. റോബര്‍ട്ടോ കാനെല പെനാല്‍റ്റി ഏരിയയില്‍ വരുത്തി ഹാന്‍ഡ് ബോളാണ് മൂന്നാം ഗോളി വഴിയൊരുക്കിയത്.

പെനാല്‍റ്റി കിക്കെടുത്ത സുവാരസ് വല കുലുക്കി. മൂന്നു മിനിറ്റിനുള്ളില്‍ വീണ്ടും പെനാല്‍റ്റി അതും ഉറുഗ്വെന്‍ താരം വലയില്‍ നിക്ഷേപിച്ചുകൊണ്ട് ഹാട്രിക് തികച്ചു. പത്ത് മിനിറ്റിനുശേഷം ഒരിക്കല്‍ക്കൂടി പെനാല്‍റ്റി. കിക്കെടുക്കാനുള്ള അവസരം സുവാരസ് സഹതാരം നെയ്മറിനു നല്‍കി. ബ്രസീലിയന്‍ താരം കൃത്യമായി വലകുലുക്കി സ്‌കോര്‍ഷീറ്റില്‍ ഇടംപിടിച്ചു. 88-ാം മിനിറ്റില്‍ മെസിയുടെ പാസില്‍ സുവാരസ് നാലാം ഗോളും ബാഴ്‌സയുടെ ആറാം ഗോളും വലയില്‍ വിശ്രമിച്ചു.

Related posts