ഏതൊക്കെ സത്യം, ഏതൊക്കെ കള്ളം..! മകളുടെ കൈ പിടിച്ച് മിസൈൽ പരീക്ഷണം ആസ്വദിച്ച് കിം; ചിത്രം വൈറൽ

കിം ജോങ് ഉന്നിനെപ്പറ്റി പറഞ്ഞുകേൾക്കുന്ന കഥകൾ പലതാണ്. അതിൽ ഏതൊക്കെ സത്യം, ഏതൊക്കെ കള്ളം എന്ന് അവിടുത്തുകാർക്ക് പോലും ബോദ്ധ്യമുണ്ടാകില്ല.

കാരണം ഉത്തരകൊറിയ എന്ന സ്വേച്ഛാധിപത്യ രാജ്യത്തിൽ നിന്ന് കിം ജോങ് ഉൻ അറിയാതെ ഒരീച്ച പോലും പുറത്തേക്ക് പറക്കില്ല.

തന്റെ സ്വകാര്യ ജീവിതം പോലും മറച്ചുവെച്ചാണ് കിം ജീവിക്കുന്നത്. ഇപ്പോഴിതാ മകൾക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അദ്ദേഹം. 

കിമ്മിന്റെ മകൾ ആദ്യമായിട്ടാണ് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതെന്ന് സ്റ്റേറ്റ് മീഡിയയായ കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നത്.

വെളുത്ത നിറത്തിലുള്ള പഫർ ജാക്കറ്റ് അണിഞ്ഞ് കിമ്മിന്റെ കൈപിടിച്ച് നിൽക്കുന്ന മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എന്നാൽ കുട്ടിയുടെ പേരിനെ കുറിച്ച് മാദ്ധ്യമങ്ങളിലൊന്നും പരാമർശമില്ല. 

വെള്ളിയാഴ്ച നടന്ന ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം വഹിക്കുമ്പോൾ മകളും കിമ്മിനൊപ്പം ഉണ്ടായിരുന്നു.

കിം ജോങ് ഉൻ ഒരുപാട് രഹസ്യങ്ങൾ ഉള്ള ആളാണ്. എന്നാൽ 2013-ൽ, മുൻ ബാസ്‌ക്കറ്റ്ബോൾ താരം ഡെന്നിസ് റോഡ്മാൻ ബ്രിട്ടീഷ് ദിനപത്രമായ ഗാർഡിയനോട് കിമ്മിന് ”ജു ഏ” എന്ന് വിളിക്കുന്ന ഒരു പെൺകുഞ്ഞ് ഉണ്ടെന്ന് പറഞ്ഞിരുന്നു.

ഡെന്നിസ് റോഡ്മാൻ ഉത്തരകൊറിയ സന്ദർശിച്ചപ്പോൾ കിമ്മിനും കുടുംബത്തിനും ഒപ്പം സമയം ചെലവഴിച്ചിരുന്നുവെന്നും അന്ന് കിമ്മിന്റെ മകളെ കൈയ്യിൽ എടുത്തുവെന്നും വെളിപ്പെടുത്തിയിരുന്നു.

കിമ്മിന്റെ ഭാര്യ റി സോൾ ജുവിനോട് സംസാരിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. 2012 വരെ കിമ്മിന്റേയും റിസോളിന്റേയും വിവാഹം സ്‌റ്റേറ്റ് മീഡിയ പ്രഖ്യാപിച്ചിരുന്നില്ല.

ദക്ഷിണ കൊറിയയുടെ നാഷണൽ ഇന്റലിജൻസ് സർവീസ് (എൻഐഎസ്) പ്രകാരം കിമ്മിന് മൂന്ന് കുട്ടികളുണ്ട്.

Related posts

Leave a Comment