നാദാപുരം: നാദാപുരം മുടവന്തേരിയില്‍ ദുരൂഹസാചര്യത്തില്‍ നടന്ന സ്ഫോടനത്തില്‍ യുവാവിന്റെ കൈവിരലുകള്‍ അറ്റു. മുടവന്തേരിയിലെ ചെമ്പന്റവിട സമദ് എന്ന അബ്ദുള്‍ സമദി(26)നാണ് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇരിങ്ങണ്ണൂരിനടുത്ത ആവടിമുക്കില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഇയാളുടെ വലതുകൈയിലെ രണ്ട് വിരലുകള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ രാത്രി ഒന്നരയ്ക്ക് തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ല് വീണ് പരിക്കേറ്റു എന്നാണ് സമദ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ മെഷീന് ഉപയോഗിച്ച് കാട് വെട്ടുമ്പോള്‍ പരിക്കേറ്റെന്നാണ് പോലീസിനോട് പറഞ്ഞത്. പോലീസ് ഇക്കാര്യം മുഖവിലയ്ക്കെടുത്തിട്ടില്ല. സാരമായി പരിക്കേറ്റ യുവാവ് മറ്റെവിടെ വച്ചോ പ്രാഥമിക ചികിത്സ തേടിയതായും വിവരമുണ്ട്. പരിക്കേറ്റ കൈപ്പത്തിയിലെ രക്തവും മറ്റും വൃത്തിയാക്കിയ നിലയിലായിരുന്നു. ബോംബ് നിര്‍മാണത്തിനിടയിലാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇക്കാര്യവും അന്വേഷിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
മുസ്ലിംലീഗ് പ്രവര്‍ത്തകനാണ് സമദ്. നാദാപുരം എസ്ഐ എം.ബി. രാജേഷും സംഘവും ഇയാളെ ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്നും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയാല്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യംചെയ്യുമെന്നും പോലീസ് പറഞ്ഞു. സ്ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിന് പോലീസ് സമദിനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്.