സ്‌മോള്‍ ഇനി ഇല്ല…! മദ്യവര്‍ജനം നയമല്ല, സാരോപദേശം മാത്രം; മദ്യനയത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുപക്ഷത്തിന് തന്റേടമില്ല: ഉമ്മന്‍ ചാണ്ടി

Ummanchandi11സ്വന്തംലേഖകന്‍

തൃശൂര്‍: മദ്യനയത്തില്‍ യുഡിഎഫിന്റെ തന്റേടം ഇടതുപക്ഷത്തിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യനയത്തില്‍ യുഡിഎഫിന്റെ നിലപാട് വ്യക്തമാണ്. അടച്ചിട്ട ഒരു ബാറും ഇനി തുറക്കില്ല. എന്നാല്‍ മദ്യനയത്തെക്കുറിച്ച് എല്‍ഡിഎഫ് ഇപ്പോഴും പലതട്ടിലാണ്. മദ്യവര്‍ജനമാണ് എല്‍ഡിഎഫ് പറയുന്നത്. എന്നാല്‍ മദ്യവര്‍ജനം നയമല്ല, സാരോപദേശം മാത്രമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂര്‍ പ്രസ്ക്ലബ് സംഘടിപ്പിച്ച ‘പോരിന്റെ പൂരം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

എല്‍ഡിഎഫ് ബാറുടമകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നത്. ചവറയില്‍ ഷിബു ബേബി ജോണിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത് ബാറുടമയെയാണ്. യുഡിഎഫ് മദ്യനയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചുപോയ ആളാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി. ഇതാണ് ബാര്‍ വിഷയത്തില്‍ എല്‍ഡിഎഫിന്റെ നയം.

ഉല്‍പാദനം, വിതരണം, നികുതി എന്നിവയാണ് മദ്യനയത്തിന്റെ ഭാഗമായി വരുന്നത്. യുഡിഎഫ് കൊണ്ടുവന്ന മദ്യനയത്തിന്റെ ഭാഗമായി 7300 കോടി രൂപയുടെ മദ്യവില്‍പനയാണ് കുറഞ്ഞിരിക്കുന്നത്. അതായത് 7300 കോടി രൂപ വീടുകളിലെത്തിയെന്നാണ് മനസിലാക്കുന്നത്. വീടുകളിലെത്തുന്ന ഈ പണം മാര്‍ക്കറ്റുകളിലെത്തും. അവിടെനിന്നുള്ള നികുതിവഴി സര്‍ക്കാരിന് പണം തിരിച്ചുകിട്ടും.

ഇതാണ് യുഡിഎഫിന്റെ കാഴ്ചപ്പാട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് കൊടുത്തതിലൂടെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മേല്‍ക്കൈ കുറഞ്ഞിട്ടില്ല. ഇനി അടച്ച ബാറുകള്‍ ഫൈവ് സ്റ്റാര്‍ സൗകര്യമൊരുക്കിയാലും ലൈസന്‍സ് കൊടുക്കില്ല. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതിന് കടുത്ത നിബന്ധനയും കൊണ്ടുവന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സുധീരന് ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രതയുള്ളത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍, ബാര്‍ വിഷയം നിലനിന്നിട്ടും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുമൊക്കെ യുഡിഎഫ് വിജയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യുഡിഎഫിനാണ് കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി നിശ്ചയിക്കാറില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും സ്വീകാര്യമായ നിലപാടെടുക്കാറാണ് പതിവ്. സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉയര്‍ത്താന്‍ പ്രതിപക്ഷത്തിനു പോലും കഴിയുന്നില്ല. യുഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്നതില്‍ സംശയമില്ല.

വിജയ് മല്യക്ക് ഭൂമി പതിച്ചുനല്‍കിയത് തങ്ങളല്ല. 1971 ജനുവരിയിലാണ് 20 ഏക്കര്‍ പാട്ടത്തിന് നല്‍കിയത്. അന്ന് ഏതു മന്ത്രിയാണ് ഇതു ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം. ഭൂമി തങ്ങള്‍ തീറെഴുതി കൊടുത്തുവെന്ന ആരോപണം കള്ളമാണ്. സംരംഭങ്ങള്‍ തുടങ്ങാന്‍ നിലവിലുള്ള നിയമമനുസരിച്ച് സാധിക്കില്ല.

അതിനാല്‍ പലര്‍ക്കും ഭൂപരിഷ്കരണ നിയമത്തിലെ പരിധി ഇളവു ചെയ്തു നല്‍കി. 15 ഏക്കര്‍ കൂടുതല്‍ സ്ഥലമുണ്ടെങ്കില്‍ എന്തെങ്കിലും തുടങ്ങാന്‍ ഈ നിയമം ഇളവു ചെയ്യണം. എന്നാല്‍ പറവൂരില്‍ സര്‍ക്കാരിനെ കബളിപ്പിച്ച് നല്‍കിയ അപേക്ഷയില്‍ അനുവാദം കൊടുത്തെങ്കിലും പിന്നീട് സത്യം കണ്ടെത്തിയപ്പോള്‍ റദ്ദാക്കിയ സംഭവവും ഉണ്ടായിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ എത്ര സീറ്റ് കിട്ടുമെന്ന് പ്രവചനം പറയാന്‍ തനിക്കാവില്ല. ഭൂരിപക്ഷം കിട്ടുമെന്നതില്‍ സംശമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ù

മുഖ്യമന്ത്രിയോടൊപ്പം ഡിസിസി പ്രസിഡന്റ് പി.എ.മാധവന്‍ എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ ജോസഫ് ചാലിശേരി എന്നിവരും ഉണ്ടായിരുന്നു. കനത്ത പോലീസ് സംരക്ഷണയിലാണ് മുഖ്യമന്ത്രി എത്തിയത്. പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് എം.വി. വിനീത അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി. അനില്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ രഞ്ജിത് നന്ദിയും പറഞ്ഞു.

Related posts