മുക്കം: സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ അനുഭവങ്ങള്‍ തീര്‍ത്ത പാലിയേറ്റീവ് കുടുംബ സംഗമം കിടപ്പു രോഗികള്‍ക്ക് നവ്യാനുഭവമായി. രോഗം തളര്‍ത്തിയ ശരീരവുമായി വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ടവര്‍ക്കായ് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തും പാലിയേറ്റീവ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് ആസ്വാദനത്തിന്റെയും സന്തോഷത്തിന്റെയും കൂട്ടായ്മ അണിചേര്‍ന്നത്.
പരസ്പരം സൗഹൃദം പങ്കിട്ടും അനുഭവങ്ങള്‍ പങ്കുവച്ചും ഒരു ദിവസം വേദനയില്ലാത്ത ദിനമാക്കി മാറ്റി. രോഗികളും കൂട്ടിരിപ്പുകാരും പാലിയേറ്റീവ് പ്രവര്‍ത്തകരും ഗ്രാമപഞ്ചായത്തംഗങ്ങളുമടക്കം അഞ്ഞൂറിലേറെപ്പേര്‍ സംഗമത്തില്‍ പങ്കെടുത്തു. രോഗികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ക്കു പുറമെ കുട്ടികളുടെ ഡാന്‍സ്, ഒപ്പന, നാടന്‍പാട്ട് തുടങ്ങിയവയും അരങ്ങേറി. കൊടിയത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ തയാറാക്കിയ പന്തലില്‍ നടന്ന സംഗമം സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ.ശ്യാം മുതലിയാര്‍ ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് അസോസിയേഷന്‍ താലൂക്ക് സെക്രട്ടറി ശരീഫ്, പി. കുട്ട്യാലി മാസ്റ്റര്‍, കാഞ്ചനകൊറ്റങ്ങല്‍, സംവിധായക നുസ്‌റത്ത് ജഹാന്‍, പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ.വിജയന്‍, കെ.പി ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള, വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ്, ഗ്രാമ പഞ്ചായത്തംഗം സാബിറ തറമ്മല്‍, എം.അബ്ദുറഹ്മാന്‍, നിസാര്‍ കൊളായി, പി.എം. നാസര്‍, ചെറുവാടി സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സുഗതകുമാരി, നാസര്‍ കൊളായി, ഇ. ബാലകൃഷ്ണന്‍, സബീജ, കെ. സാബിറ എന്നിവര്‍ നേതൃത്വം നല്‍കി.