ഉളിക്കൽ: ഹംഗറിയിലേക്ക് ഷെങ്കൽ വീസ വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്നും 1,79,000 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ആലുവ സ്വദേശികൾക്കതെിരെ ഉളിക്കൽ പോലീസ് കേസെടുത്തു. ഉളിക്കൽ സ്വദേശികളായ യുവാക്കാളുടെ പരാതിയിൽ ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന മൈഗ്രേറ്റ്സ് ഓവർസീസ് കൺസൾട്ടൻസി ഉടമ നിഷ, നിഷയുടെ സുഹൃത്ത് വില്യംസ് എന്നിവർക്കെതിരെയാണ് കേസ്.
യുവാക്കളുടെ സുഹൃത്തായ വില്യംസ് മുഖേനായാണ് ഇവർ നിഷയെ സമീപിക്കുന്നത്. ആലുവയിലെ ഓഫിസിൽ എത്തിയ തങ്ങൾ വീസയ്ക്കായി 10000രൂപ അഡ്വാൻസ് നൽകിയെന്നും പിന്നീട് ബാക്കി തുക ഒറ്റത്തവണയായി ഗൂഗിൾ പേയിലുടെ കൈമാറിയെന്നും പരാതിയിൽ പറയുന്നു. 2024 ഫെബ്രുവരിയിലായിരുന്നു പണം നൽകിയത്. ആറു മാസത്തിനുള്ളിൽ വീസ നൽകുമെന്നായിരുന്നു വാഗ്ദാനം.
പിന്നീട് വീസ് സ്റ്റാന്പിംഗിനായി മുബൈയിലെ എംബസിയിൽ എത്താൻ നിർദേശിച്ചു. എംബസിയിൽ എത്തി അന്വേഷിച്ചപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം അറിയുന്നതെന്നും തുടർന്ന് നിരവധി തവണ ആലുവയിലെ നിഷയുടെ ഓഫീസിൽ നേരിട്ടു പോയിട്ടും വാങ്ങിയ പണമോ വീസയോ നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായ നിഷ റിമാൻഡിലാണ്. സംസ്ഥാനത്തൊട്ടാകെ ഇവർ സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.