ഡോ. പി. സുശീല
അസോസിയറ്റ് പ്രഫസര്‍, ഹൈടെക് റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിംഗ് യൂണിറ്റ്, കേരള കാര്‍ഷിക സര്‍വകലാശാല, വെള്ളാനിക്കര
ഇന്ത്യയില്‍ ഹരിതഗൃഹകൃഷിയുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതിനും, കര്‍ഷകര്‍ക്കിടയില്‍ ഈ കൃഷിരീതി വ്യാപകമാക്കുന്നതിനും നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 50% സബ്‌സിഡി നല്‍കുന്നു. ഓരോ സംസ്ഥാനത്തും ഇത് കാര്യക്ഷമമായി നടപ്പിലാക്കാന്‍ സ്റ്റേറ്റ് ഹോട്ടികള്‍ച്ചര്‍ മിഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 12-ാം പഞ്ചവത്‌സര പദ്ധതിയുടെ ഭാഗമായി കേരളം ഹരിതഗൃഹകൃഷി വ്യാപകമായി നടപ്പിലാക്കുന്നുണ്ട്. ഹരിതഗൃഹം നിര്‍മിക്കാന്‍ അനുമതി ലഭിച്ച കര്‍ഷകര്‍ക്ക് 75% സബ്‌സിഡി ആയി നല്‍കും. ബാക്കിയുള്ള 25% ഗുണഭോക്താവ് വഹിക്കണം. ഇത് നാല് സ്ലാബായാണ് നല്‍കുന്നത്. സമതലങ്ങളില്‍ സബ്‌സിഡി ആയി നല്‍കുന്നതിന്റെ വിശദാംശം താഴെ കൊടുത്തിരിക്കുന്നു.
മലമ്പ്രദേശങ്ങളില്‍ നിശ്ചയിച്ചിരിക്കുന്ന നിര്‍മാണച്ചെലവ്, സമതലങ്ങളിലേതിന്റെ 15% കുടുതലാണ്. 401 മുതല്‍ 4000 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള ഹരിതഗൃഹങ്ങള്‍ക്ക് 75% സബ്‌സിഡിയാണ് 2015-16 വര്‍ഷത്തില്‍ നല്‍കുന്നത്. ഇതിനുപുറമെ വെജിറ്റബിള്‍ ഡവലപ്‌മെന്റ് സ്കീമിന്റെ ഭാഗമായി 40 മുതല്‍ 400 ചതുരശ്ര മീറ്റര്‍ വരെ 50% സബ്‌സിഡിയും നല്‍കിവരുന്നുണ്ട്.
ഹരിതഗൃഹ കൃഷി ചെയ്യുന്നതിനുള്ള സ്ഥലവും കൃഷിക്കാരനെയും തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം
A. കൃഷിക്കാരനെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം
1. നല്ല കഴിവും ഉത്സാഹവും മുന്‍പരിചയവും ഉള്ള കൃഷിക്കാര്‍ക്ക് മുന്‍ഗണന കൊടുക്കും 2. സബ്‌സിഡി കഴിച്ച് ബാക്കിയുള്ള തുക സ്വന്തം കൈയില്‍ നിന്നും എടുത്ത് ഹരിതഗൃഹം നിര്‍മിക്കാന്‍ തയാറായിരിക്കണം.
3. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കാര്‍ഷിക മേഖലയില്‍ അവാര്‍ഡ് ലഭിച്ച കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കും.
4. ശരിയായ സ്‌പെസിഫിക്കേഷനില്‍ ഹരിതഗൃഹം നിര്‍മിക്കാന്‍ തയാറായിരിക്കണം.
5. സ്റ്റേറ്റ് ഫോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കൃഷിവകുപ്പ് എന്നിവര്‍ പറയുന്ന നിബന്ധനകള്‍ പാലിക്കാന്‍ തയാറായിരിക്കണം.
6. കൃഷിക്കാരന് ഹരിതഗൃഹ കൃഷി ചെയ്യുന്നതിനാവശ്യമായ ഭൂമി എല്ലാ സ്‌പെസിഫിക്കേഷനും സാധൂകരിക്കും വിധം ഉണ്ടായിരിക്കണം.
7. ഹൈടെക് അഗ്രികള്‍ച്ചര്‍ ഫാമിംഗുമായി ബന്ധപ്പെട്ട് ആവശ്യാനുസരണം യാത്രകള്‍ ചെയ്യാ നുള്ള ആരോഗ്യവും സന്നദ്ധതയും ഉണ്ടായിരിക്കണം.
8. ഹൈടെക്ക് ഫാമിംഗിന്റെ വിശദാംശങ്ങള്‍ ഗ്രഹിക്കുന്നതിന് പരിശീലന ക്ലാസുകളില്‍ പങ്കെടുക്കുകയും മറ്റു കര്‍ഷകര്‍ക്ക്, ലഭ്യമായ അറിവ് പകര്‍ന്നു കൊടുക്കുകയും വേണം.
9. മുഴുവന്‍ സമയവും കൃഷി ചെയ്യാന്‍ തയാറായിരിക്കണം.
10. മറ്റുള്ള കര്‍ഷകരെ പ്രദര്‍ശന തോട്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുകയും, അവര്‍ക്ക് അറിവു പകര്‍ന്നു കൊടുക്കുവാന്‍ തല്പരനുമായിരിക്കണം.
11. കൃഷിയിലെ ഓരോ വിശദാംശങ്ങളും ശരിയായ രീതിയില്‍ നിരീക്ഷിക്കുകയും അവ രേഖപ്പെടുത്തിയിരിക്കുകയും വേണം.
12. ചുരുങ്ങിയത് അഞ്ചുവര്‍ഷത്തേക്കെങ്കിലും പോളിഹൗസില്‍ കൃഷി നിലനിര്‍ത്തണം.
13. കടം എടുക്കാന്‍ (നിര്‍ബന്ധമില്ല) തയാറാണ് എന്നതിനുള്ള സമ്മതപത്രം സമര്‍പ്പിക്കണം.
14. കര്‍ഷകന്‍ ബാങ്കുമായി കരാറുകള്‍ സ്ഥാപിച്ചോ (ലോണ്‍ അനുവദിച്ചോ ഇല്ലെങ്കില്‍ എപ്പോള്‍ അനുവദിക്കും) എന്ന് കാണിക്കുന്ന സാക്ഷ്യപത്രം സമര്‍പ്പിക്കണം.
15. നിര്‍മാണം തുടങ്ങുന്നതിനുള്ള അനുവാദം ലഭിച്ചാല്‍ ഉടനെ കര്‍ഷകന്‍ സ്ട്രക്ചറിന്റെ നിര്‍മാണം ആരംഭിക്കും എന്നത് കാണിച്ചുള്ള സമ്മതപത്രം സമര്‍പ്പിക്കണം.
16. സ്ട്രക്ചറിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാലുടനെ ഹരിതഗൃഹത്തില്‍ കൃഷി ആരംഭിക്കും എന്ന് കാണിക്കുന്ന സമ്മതപത്രം സമര്‍പ്പിക്കണം.
17.ക്ലസ്റ്റര്‍ ഉണ്ടെങ്കില്‍ ഒരു ഗ്രൂപ്പായി കൃഷി കാര്യങ്ങള്‍, പ്രത്യേകിച്ച് വിപണനം ചെയ്യാന്‍ തയാറാണെന്ന് കാണിച്ചുള്ള സമ്മതപത്രം സമര്‍പ്പിക്കണം.
ടെക്‌നിക്കല്‍ കമ്മിറ്റി എല്ലാ കാര്യങ്ങളും പരിശോധിച്ച് ചെക്ക് ലിസ്റ്റ് തയാറാക്കി അര്‍ഹതയുള്ള കര്‍ഷകന് അനുവാദം കൊടുക്കുകയും അതിനുശേഷം അന്തിമമായ ലിസ്റ്റ് എസ്എച്ച്എമ്മിന്റെ ഓഫീസില്‍ കൊടുക്കുകയും ചെയ്യും. അതിനുശേഷം അതാത് ആളുകള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ കൊടുക്കാവുന്നതാണ്. സ്ട്രക്‌റിന്റെ നിര്‍മാണം തൃപ്തികരമായി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ മാത്രമേ സബ്‌സിഡി കൊടുക്കുകയുള്ളൂ. കടം എടുക്കാത്ത കര്‍ഷകനാണെങ്കില്‍ സബ്‌സിഡിയുടെ 75% കര്‍ഷകന് അക്കൗണ്ട് ഉള്ള ബാങ്കില്‍ നിക്ഷേപിക്കും. സബ്‌സിഡിയുടെ ബാക്കി ഹരിതഗൃഹത്തില്‍ ചെടികള്‍ വളര്‍ത്തിയ ശേഷം ജില്ലാതല ടെക്‌നിക്കല്‍ കമ്മിറ്റി വന്ന് കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം തൃപ്തികരമെങ്കില്‍ കൊടുക്കും.
B . ഹരിതഗൃഹ കൃഷി ചെയ്യുന്നതിനുള്ള സ്ഥലം തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം
ഗ്രീന്‍ ഹൗസ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍.
1. വെള്ളവും വൈദ്യുതിയും ഗതാഗത സൗകര്യങ്ങളും നല്ല പ്രകാശവും വായു സഞ്ചാരവുമുള്ള സ്ഥലമായിരിക്കണം.
2. തണല്‍ ഉണ്ടാകാന്‍ പാടില്ല (അടുത്ത് മരമോ കെട്ടിടമോ ഉണ്ടെങ്കില്‍ അതിന്റെ ഉയരത്തിന്റെ 2-2.5 ഇരട്ടി ദൂരം വിട്ടു വേണം ഹരിതഗൃഹം പണിയാന്‍).
3. നല്ല നീര്‍വാര്‍ച്ചയുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ സ്ഥലമായിരിക്കണം.
4. മണ്ണിന്റെ പിഎച്ച് മൂല്യം 6 നും 6.5 നും ഇടക്കും ഇസി 0.5 – 1 എംഎസ്/സിഎമ്മും ആയിരിക്കണം.
5. ഹരിതഗൃഹ നിര്‍മാണത്തിന് തെരഞ്ഞെടുത്ത സ്ഥലത്ത് കാറ്റി ന്റെ ശക്തി തടയുന്നതിന് വൃക്ഷങ്ങളുടെ “തട’ 30 മീറ്റര്‍ അകലത്തില്‍ ഉണ്ടായിരിക്കണം.
പദ്ധതി നടപ്പിലാക്കുന്ന വിധം
ഹരിതഗൃഹനിര്‍മാണത്തിന് വേണ്ട ഉപഭോക്താവിനെ തെരഞ്ഞെടുക്കുന്നതിനു മുന്‍പ് കൃഷി ഓഫീസര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓരോ കൊല്ലവും പുതിയ കര്‍ഷകര്‍ ഹരിതഗൃഹനിര്‍മാണത്തിന് സബ്‌സിഡി ലഭിക്കാന്‍ അപേക്ഷ നല്‍കിയിരിക്കും. എന്നാല്‍ കണ്ണടച്ച് ഇവര്‍ക്ക് സബ്‌സിഡി നല്‍കുന്ന സമീപനം ഒരിക്കലും ഗുണം ചെയ്യില്ല. അപേക്ഷ സ്വീകരിച്ചാല്‍ ആദ്യം ചെയ്യേണ്ടത് അവരോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കണം. അവര്‍ക്കുള്ള സ്ഥല ലഭ്യതയെ കുറിച്ചും സാമ്പത്തിക സ്ഥിതിയെ കുറിച്ചും അവരുടെ മനസില്‍ ഈ കൃഷിരീതിയോടുള്ള ആഭിമുഖ്യത്തെകുറിച്ചും മനസിലാക്കാന്‍ ശ്രമി ക്കണം. പിന്നീട് അവര്‍ പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലം പോയി കാണണം. സ്ഥലം മുമ്പ് പ്രതിപാദിച്ചതുപോലെ ഹരിതഗൃഹനിര്‍മാണത്തിനു യോജിച്ചതാണോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
കൊല്ലത്തില്‍ 365 ദിവസവും വെള്ളക്കെട്ടില്ലാത്തതും തണല്‍ ഇല്ലാത്തതുമായ സ്ഥലമാണെന്ന് ഉറപ്പുവരുത്തണം. അതിനു ശേഷം കര്‍ഷകനോട് 2-3 പരിശീലന പരിപാടികളില്‍ (ടെക്‌നിക്കല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന, ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലുമുള്ള ഒരു പരിശീലനമെങ്കിലും) പങ്കെടുത്തശേഷം, ഹരിതഗൃഹകൃഷി ചെയ്തുകൊണ്ടിരിക്കുന്ന അഞ്ചു കര്‍ഷകരോടെങ്കിലും കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കണം. ഇത് കഴിയുമ്പോള്‍ ഹരിതഗൃഹകൃഷി തനിക്ക് ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്ന് കര്‍ഷകന് മനസിലാകും. അതിനുശേഷവും ഉറച്ചമനസോടു കൂടി വരുന്ന കര്‍ഷകര്‍ക്ക് മാത്രം സബ്‌സിഡി നല്‍കാന്‍ ശ്രദ്ധിക്കണം. എല്ലാ കാര്യവും എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയില്ല. ഏതു പ്രവൃത്തി ചെയ്യുമ്പോഴും അതിനു വേണ്ടി മാനസികമായി നല്ല തയാറെടുപ്പും അതിനോട് ആത്മാര്‍ഥമായ പ്രണയവും വേണം. അപ്പോള്‍ ആ പ്രവൃത്തി ആനന്ദവും ആത്്മസംതൃപ്തിയും നല്‍കും. അല്ലെങ്കില്‍ അത് ഒരു ഭാരമായി തോന്നും. ഹൈടെക് കൃഷിയോട് നല്ല താത്പര്യമുള്ള ആളുകള്‍ മാത്രമേ ഈ കൃഷിയിലേക്ക് വരാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കര്‍ഷകന്റെ പൈസമാത്രമല്ല, സര്‍ക്കാര്‍ ചെലവിടുന്ന ധനവും (75 ശതമാനത്തോളം സബ്‌സിഡി സര്‍ക്കാര്‍ നല്‍കുന്നുണ്ടല്ലൊ) വ്യര്‍ഥമാകും. അതിനാല്‍ ഹരിതഗൃഹകൃഷിക്ക് ഉപഭോക്താവിനെ തെരഞ്ഞെടുക്കുമ്പോള്‍ വളരെ കരുതല്‍ വേണം.
ജില്ലാ തലത്തില്‍ കാര്‍ഷിക ഡെപ്യൂട്ടി ഡയറക്ടറാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. പഞ്ചായത്ത് തലത്തില്‍ കൃഷി ഭവനാണ് ഇത് നടപ്പിലാക്കുന്നത്. കൃഷി ഓഫീസര്‍മാര്‍ കര്‍ഷകരില്‍ നിന്നും ഇതിനുവേണ്ടിയുള്ള അപേക്ഷകള്‍ ശേഖരിക്കും. ഹരിതഗൃഹ നിര്‍മാണത്തിനാവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഉണ്ടോ എന്നെല്ലാം വിശദമായി പരിശോധിച്ച് ആവശ്യമായ വിവരങ്ങള്‍ അസിസ്റ്റന്റ് കൃഷിഡയറക്ടര്‍ക്ക് നല്‍കും. അദ്ദേഹം ഈ അപേക്ഷകള്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നല്‍കും.
ഈ അപേക്ഷകരില്‍ നിന്ന് യോഗ്യരായ കര്‍ഷകരെ ജില്ലാതല ടെക്‌നിക്കല്‍ കമ്മിറ്റി തെരഞ്ഞെടുക്കുന്നു. യോഗ്യരായ അപേക്ഷകര്‍ക്ക് ജില്ലാ തലത്തില്‍ ഒരു ദിവസത്തെ ബോധവത്കരണ ക്ലാസ് നല്‍കും. ബ്ലോക്ക് തലത്തില്‍ കര്‍ഷകരുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും വിഭാവനം ചെയ്തിട്ടുണ്ട്് (ബ്ലോക്ക് ലവല്‍ ക്ലസ്റ്റര്‍). അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ബ്ലോക്ക് തലത്തിലെ അപേക്ഷകരോടും അതാതു സ്ഥലത്തെ കൃഷി ഓഫീസറര്‍മാരോടും ആലോചിച്ച്് പ്രൊഡക്ഷന്‍ പ്ലാന്‍ തയാറാക്കാവുന്നതാണ്. ഇതില്‍ കൃഷി ചെയ്യേണ്ട വിത്ത്, വിളയുടെ ആവര്‍ത്തനക്രമം, മാറി മാറി വരുന്ന ക്രോപ്പിംഗ്് പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തണം. ഓരോ ജില്ലാതല കമ്മിറ്റികള്‍ക്കും ആ ജില്ലക്കനുയോജ്യമായ ഉത്പാദന തന്ത്രം തയാറാക്കാവുന്നതാണ്.
ഓരോ കര്‍ഷകനും ഹരിതഗൃഹ നിര്‍മാണ പുരോഗതിക്കനുസരിച്ചായിരിക്കും ധനസഹായം ലഭിക്കുക. അതാതു കൃഷി ഓഫീസര്‍മാര്‍ പദ്ധതിയുടെ ശരിയായ ചിത്രം ഓരോ കര്‍ഷകനും ലഭ്യമാക്കണം. മുകളില്‍ പറഞ്ഞ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് എസ്. എച്ച.് എമ്മിന്റെ നിര്‍ദ്ദേശപ്രകാരമുള്ള സ്‌പെസഫിക്കേഷന്‍ അനുസരിച്ച് ഹരിതഗൃഹം നിര്‍മിക്കുന്നതിന് അനുമതി നല്‍കുന്നു. കര്‍ഷകര്‍ക്ക് അവരുടെ താത്പര്യപ്രകാരം ഏത് ഏജന്‍സിയെ കൊണ്ടു വേണമെങ്കിലും പോളിഹൗസ് നിര്‍മിക്കാവുന്നതാണ്. അതിനുള്ള സ്വാതന്ത്ര്യം പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
പദ്ധതിയുടെ വിജയത്തിന് വളരെ അധികം പരിശ്രമിക്കേണ്ടതുണ്ട്. ഇത് സാധാരണ കര്‍ഷകര്‍ക്ക് ഒട്ടും തന്നെ പരിചിതമല്ലാത്ത മേഖലയായതിനാല്‍ ഓരോ കര്‍ഷകനും വേണ്ടത്ര പരിശീലനം കൈവരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. ഹരിതഗൃഹ കൃഷി ചെയ്യുന്ന 10 തോട്ടങ്ങളെങ്കിലും സന്ദര്‍ശിച്ച് കര്‍ഷകരുമായി അനുഭവങ്ങള്‍ പങ്കു വയ്ക്കണം. തുടര്‍ച്ചയായി കാര്യങ്ങള്‍ നിരീക്ഷിക്കാനും, പഠിക്കാനും തയാറുള്ള കര്‍ഷകര്‍ക്കു മാത്രമേ ഈ പദ്ധതി വിജയകരമാക്കാനാകൂ എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. കര്‍ഷകര്‍ ഏജന്‍സിയുമായി ഒരു കരാര്‍ ഉണ്ടാക്കേണ്ടതാണ്. കരാറില്‍, പോളിഹൗസ് നിര്‍മിച്ചതിനു ശേഷം ഒരു വര്‍ഷം സൗജന്യമായും അഞ്ചുവര്‍ഷം പൈസ വാങ്ങിയും ഹരിതഗൃഹത്തിന്റെ അറ്റകുറ്റപണികള്‍ ചെയ്തു തരുന്നതിനുള്ള വൃവസ്ഥ ഉണ്ടാക്കിയിരിക്കണം. നിര്‍മാണത്തിന്റെ ഗുണമേന്‍മ ഉറപ്പു വരുത്താന്‍ ഇത് സഹായിക്കും.
ഫോണ്‍: ഡോ. സുശീല– 9961533547