ഹൊ… പൊള്ളുന്ന ചൂട്

pkd-sunഅരുണ്‍ സെബാസ്റ്റ്യന്‍

കേരളം അതിഭീകരമായ ചൂടിലൂടെയും വരള്‍ച്ചയിലൂടെയും കടന്നുപോകുകയാണ്. ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഉഷ്ണതരംഗം എന്ന പ്രതിഭാസം ഉണ്ടായിരിക്കുന്നു. സൂര്യാഘാതം മൂലമുള്ള മരണങ്ങള്‍ പതിവായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മേയ് ആദ്യവാരത്തോടെ കേരളത്തില്‍ വേനല്‍മഴ എത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നത്. വേനല്‍മഴ എത്തുന്നില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് അതിഭീകരമായ അവസ്ഥയാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മഴയെത്തിയില്ലെങ്കില്‍ വരള്‍ച്ച അതിരൂക്ഷമാകും. കേരളത്തിലെ ജനങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും. ചൂടുകൂടും കിണറുകളും കുളങ്ങളും വറ്റിവരളും.  ഈ അവസ്ഥ തുടര്‍ന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യേണ്ട അവസ്ഥവരും. എന്നാല്‍ മേയ് ആദ്യവാരത്തോടെ മഴ എത്തുമെന്നു തന്നെയാണ് കാലവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന സൂചന.

അതിഭീകരമായ കാലാവസ്ഥാ വ്യതിയാനത്തിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. കേരളത്തില്‍ ഇന്നേവരെ കാണാത്ത തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തിലെ വേനല്‍മഴയില്‍ 58 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇത് അതിഭീകരമായ വരള്‍ച്ചയ്ക്ക് കാരണമാകുന്നു. എങ്കിലും മേയ് ആദ്യവാരം വേനല്‍മഴ എത്തുമെന്നത് വലിയ വരള്‍ച്ചയിലേക്ക് എത്താതിരിക്കാന്‍ സഹായകമാകും.

 കാലാവസ്ഥാ വ്യതിയാനങ്ങളുടെ കാരണങ്ങള്‍

ആഗോളതാപനം മൂലം ആഗോളതലത്തില്‍ താപനില ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2015-2016 വര്‍ഷത്തെ എല്‍നിനോ വര്‍ഷം എന്നാണ് പറയപ്പെടുന്നത്. പസഫിക് സമുദ്രത്തിന്റെ കിഴക്കന്‍ മേഖലയില്‍ കടലിന് ചൂട് കൂടുന്ന പ്രതിഭാസമാണ് എല്‍നിനോ. ആഗോളതലത്തില്‍ ഈ എല്‍നിനോ പ്രതിഭാസം മൂലം അന്തരീക്ഷ താപനില ഉയരുന്നു. ഈ പ്രതിഭാസത്തിന്റെ ഭാഗമായി ലോകമെമ്പാടും കടലിന് ചൂടുപിടിക്കുന്നു. എല്‍നിനോയുടെ പ്രതിഫലനമായി കടലിന്റെ ഉപരിതലത്തിലെ വായുവിനും ചൂടുപിടിക്കുന്നു. ഈ വായു ചൂടുകാറ്റായി വീശുന്നു. ഈ ചൂട് കാറ്റ് ആഗോളതലത്തില്‍ കാറ്റിന്റെ ഗതിമാറ്റുന്നതു മൂലം മഴ കുറയുന്നു. മണ്‍സൂണ്‍ കുറയുന്നതിനു വരെ എല്‍നിനോ വഴിവയ്ക്കുന്നു.

അറബിക്കടലില്‍ നിന്നുള്ള കാറ്റാണ് സാധാരണ കേരളത്തിലേക്ക് വീശാറുള്ളത്. കാറ്റിന്റെ ഗതി മാറി തമിഴ്‌നാട്ടില്‍ നിന്നുള്ള വരണ്ട കാറ്റാണ് വീശുന്നത്. കരയില്‍ നിന്നുള്ള കാറ്റായതിനാല്‍ ചൂടേറിയ കാറ്റാണ് ഇപ്പോള്‍ ലഭിക്കുന്നത്. എല്‍നിനോ മൂലം കാറ്റിന്റെ ഗതിയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിന് കാരണം. രാത്രി കാലങ്ങളില്‍ കര തണുക്കുമെങ്കിലും കടല്‍ ജലം തണുക്കുന്നതിന് താമസമുണ്ടാകുന്നു. ഇതുമൂലം കടലില്‍ നിന്നുള്ള ചൂടുകാറ്റ് കരയിലേക്കടിക്കുന്നത്‌രാത്രിയിലും കടുത്ത ചൂട് അനുഭവപ്പെടുന്നതിന് കാരണമാകുന്നു.

കേരളത്തിലെ നിലവിലെ അവസ്ഥയ്ക്ക് ആഗോളതാപനത്തിന്റെ പങ്കിനൊപ്പം പ്രാദേശികമായ കാരണങ്ങളും ഉണ്ട്. മരങ്ങള്‍ വെട്ടി നശിപ്പിക്കുന്നതും, മലകള്‍ ഇടിച്ചുനശിപ്പിച്ചതും, പാടങ്ങള്‍ നികത്തിയതും, ജലസ്രോതസുകള്‍ മൂടിക്കളഞ്ഞതുമൊക്കെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. ഭൂമിയുടെ സ്വാഭാവിക സന്തുലിതാവസ്ഥ മാറുന്നതിന്റെ പരിണിത ഫലങ്ങളാണ് ഈ കാലാവസ്ഥാ മാറ്റങ്ങളെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനം തുടര്‍ന്നാല്‍ ഭാവിയില്‍ മണ്‍സൂണിന്റെ സമയത്തിനും ദൈര്‍ഘ്യത്തിനും വരെ മാറ്റമുണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് വിനാശകരമായ ഒരു അവസ്ഥയ്ക്ക് കാരണമാകുമെന്നാണ് കണ്ടെത്തലുകള്‍.
ലാ നിനാ എത്തുന്നു

എല്‍ നിനോയുടെ വിപരീത പ്രതിഭാസമാണ് ലാ നിനാ. കനത്ത മഴ ലഭിക്കുന്ന അവസ്ഥയാണ്. സ്വാഭാവികമായി എല്‍നിനോയ്ക്കുശേഷം ലാ നിനാ എത്താറുണ്ട്. എല്‍നിനോയ്ക്കു ശക്തി കുറഞ്ഞുവരുന്നത് ലാ നിനായുടെ വരവാണ് സൂചിപ്പിക്കുന്നത്. സാധാരണ മണ്‍സൂണില്‍ ലഭിക്കുന്നതില്‍ വളരെ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഇക്കുറി. കനത്ത ചൂടില്‍നിന്ന് കനത്ത മഴയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്.വിവരങ്ങള്‍ക്ക് കടപ്പാട് ഡോ.എം.ജി. മനോജ് (സയന്റിസ്റ്റ്, അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ച്, കുസാറ്റ്)

Related posts