വൈറലാകാന്‍ വഴുതന എത്തുന്നു

ഈ ലോകത്തുള്ള സകല മനുഷ്യരിലുമുണ്ട് കപടസദാചാരത്തിന്റെയും ദുര്‍വ്യാഖ്യാനത്തിന്റെയും ഒളിച്ചിരിക്കുന്ന കണ്ണുകള്‍. ഇടയ്‌ക്കൊക്കെ ഇവരില്‍ ചിലര്‍ ആ മിഴികളാല്‍ കാഴ്ച്ചകള്‍ കണ്ട് രസിക്കും! പക്ഷേ, കാണുന്നതിനുമപ്പുറം കാണാക്കാഴ്ച്ചകളുടെ മറ്റൊരു ലോകമുണ്ടെന്ന സത്യം അവര്‍ അറിയുന്നില്ല, അത്തരം മ്ലേച്ഛമിഴികളിലേയ്‌ക്കൊരു കൂരമ്പെയ്ത്തിനുള്ള ശ്രമമാണ് വഴുതന എന്ന ഹ്രസ്വ ചിത്രം.

രചന നാരായണന്‍ കുട്ടിയും തട്ടിയും മുട്ടിയും ഫെയിം ജയകുമാറും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ഹ്രസ്വചിത്രത്തില്‍ ബാലതാരം ദേവപ്രിയയും മറ്റ് പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. കലാഭവന്‍ മണിയെ കേന്ദ്രകഥാപാത്രമാക്കി ആംബുലന്‍സ് എന്ന വ്യത്യസ്തവും, ശ്രദ്ധേയവുമായ ഹ്രസ്വചിത്രമൊരുക്കിയിട്ടുള്ള അലക്‌സ് ആയൂര്‍ ആണ് സംവിധായകന്‍ അജിത്തിന്റെ വിശ്വാസം അടക്കം നിരവധി തമിഴ് സിനിമകളില്‍ അസോസിയേറ്റ് ക്യാമറാമാനായിരുന്ന ജിജു സണ്ണി ക്യാമറ ചലിപ്പിക്കുന്നു.

ഫേസ്ബുക്കില്‍ കഥകളും, ക്യാപ്‌സൂള്‍ കവിതകളുമെഴുതി ശ്രദ്ധേയനായ ശ്യാം വര്‍ക്കലയുടേതാണ് കഥയും തിരക്കഥയും. കാരുണ്യ മാതാ ഫിലിംസ് ബാനറില്‍ ജസ്റ്റില്‍ ജോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സ്റ്റുഡിയോ ചിത്രഞ്ജലി മെഗാ മീഡിയ. പരസ്യകല: ഫിലിം റോള്‍, നിശ്ചല ഛായാഗ്രഹണം: അജേഷ് ആവണി, വസ്ത്രാലങ്കാരം: ധന്യാ ബാലകൃഷ്ണന്‍, ചമയം: ബൈജു, കല: ഋഷി, സഹസംവിധാനം: സുഭാഷ് ഇളമ്പല്‍, ചിത്രസംയോജനം: പ്രദീപ് ശങ്കര്‍, നിര്‍മ്മാണനിയന്ത്രണം: ജയശീലന്‍ സദാനന്ദന്‍, സംഗീതം റോണി റാഫേല്‍. ചിത്രത്തിനു ആശംസകളുമായി ചലച്ചിത്ര രംഗത്തു നിന്നും നെടുമുടി വേണു, ഹരീഷ് കണാരന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.

Related posts