കോട്ടയം: തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് സൗകര്യം കുറഞ്ഞ 11 പോളിംഗ് ബൂത്തുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് തയാറാക്കിയ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു. പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വന്നതിനാലും പുനര്‍ നിര്‍മാണം നടക്കുന്നതിനാലും വോട്ടര്‍മാരുടെ സൗകര്യാര്‍ഥമാണ് പോളിംഗ് ബൂത്തുകള്‍ മാറ്റാന്‍ തീരുമാനിച്ചത്.
കടുത്തുരുത്തി മണ്ഡലത്തില്‍ മൂന്നും കോട്ടയത്ത് നാലും പുതുപ്പള്ളിയില്‍ രണ്ടും ചങ്ങനാശേരി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ ഓരോ പോളിംഗ് സ്റ്റേഷന് വീതവുമാണ് മാറ്റുന്നത്. ഇതനുസരിച്ച് കടുത്തുരുത്തിയിലെ പൂവക്കുളം ഗവ. യുപിഎസില്‍ പ്രവര്‍ത്തിക്കുന്ന 18-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന് പൂവക്കുളം ഗവ. യുപിഎസ് വടക്ക് ഭാഗത്തും 19-ാം നമ്പര്‍ പോളിംഗ് സ്റ്റേഷന് പൂവക്കുളം ഗവ. യുപിഎസ് തെക്ക് ഭാഗത്തും പ്രവര്‍ത്തിക്കും. ഈ മണ്ഡലത്തിലെ 165-ാം നമ്പര്‍ ബൂത്ത് കൂടല്ലൂര്‍ സെന്റ് ജോസഫ് യുപിഎസിന്റെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.
കോട്ടയം നിയോജക മണ്ഡലത്തിലെ 86-ാം നമ്പര്‍ ബൂത്ത് കാരാപ്പുഴ ഗവ. എച്ച്എസ്എസിലും ചിന്മയ വിജ്ഞാന് മന്ദിര്‍ എച്ച്എസില്‍ പ്രവര്‍ത്തിച്ചിരുന്ന 103, 104, 105 ബൂത്തുകള്‍ യഥാക്രമം മൂലവട്ടം അമൃത എച്ച്എസ് വടക്ക് ഭാഗം, തെക്കുഭാഗം, പടിഞ്ഞാറു ഭാഗം എന്നീ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കും. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ 53-ാം നമ്പര്‍ ബൂത്ത് കൂരോപ്പട നായര്‍ സര്‍വീസ് സൊസൈറ്റി കരയോഗം എല്‍പിഎസ് പടിഞ്ഞാറ് ഭാഗത്തും 54-ാം നമ്പര്‍ ബൂത്ത് കിഴക്ക് ഭാഗത്തെ കെട്ടിടത്തിലും പ്രവര്‍ത്തിക്കും.
ചങ്ങനാശേരിയിലെ 93-ാം നമ്പര്‍ ബൂത്ത് വോട്ടര്‍മാരുടെ സൗകര്യാര്‍ഥം ഗൗഡ സാരസ്വത ബ്രാഹ്മിണ്‍സ് ഐക്യ സമിതി ആര് ഗോവിന്ദ കമ്മത്ത് മെമ്മോറിയല്‍ ഹാളില്‍ പ്രവര്‍ത്തിക്കും. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ 142-ാം നമ്പര്‍ ബൂത്ത് നിലവിലെ കെട്ടിടം പൊളിച്ചു മാറ്റിയതിനാല്‍ എരുമേലി വ്യാപാര ഭവനില്‍ പ്രവര്‍ത്തിക്കും.

