പ്രചാരണം കൊഴുപ്പിക്കാന്‍ നേതാക്കളുടെ പട കോട്ടയത്തേക്ക്

KTM-SONIYAകോട്ടയം: ജില്ലയിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരാന്‍ രാഷ്ട്രീയ കക്ഷികളുടെ നായകന്‍മാര്‍ അടുത്ത ആഴ്ച മുതല്‍ ജില്ലയിലെത്തും. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയേയോ, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയോ ജില്ലയിലെത്തിക്കാനുള്ള ശ്രമത്തിലാണു കോണ്‍ഗ്രസ് നേതൃത്വം. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി സുധാകര്‍ റെഡി തുടങ്ങിയവര്‍ ഇടതു പ്രചാരണത്തിനു നേതൃത്വം നല്‍കാനെത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജില്ലയിലെത്തിക്കാനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ ശ്രമം. മുന്നണികളെ പിന്തുണയ്ക്കുന്ന ഏതാനും ചലച്ചിത്ര താരങ്ങളും സാംസ്കാരിക നായകരും പ്രചാരണത്തിനെത്തുന്നുണ്ട്. ദേശീയ സംസ്ഥാന നേതാക്കളുടെ പ്രചാരണ പരിപാടികളില്‍ വലിയ ജനപങ്കാളിത്തം ഉറപ്പിക്കാനുള്ള ശ്രമത്തിലാണു മുന്നണികളും പാര്‍ട്ടികളും.

പ്രധാനമന്ത്രിയെ കളത്തിലിറക്കാന്‍ ബിജെപി
സമീപ ജില്ലയായ ആലപ്പുഴയിലെ കുട്ടനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജില്ലയില്‍ എത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷാ കുമ്മനം രാജശേഖരന്റെ പ്രചാരണ ജാഥയ്ക്ക് എത്തിയതിനാല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്താനുള്ള സാധ്യത കുറവാണ്. കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, രാജീവ് പ്രതാപ് റൂഡി, ജെ.പി. നഡ്ഡ, പൊന്‍ രാധാകൃഷ്ണന്‍ എന്നിവരും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു പ്രചാരണത്തിനെത്തുന്നുണ്ട്. ചലച്ചിത്ര താരം സുരേഷ് ഗോപിയും ജില്ലയില്‍ ബിജെപി മത്സരിക്കുന്ന ഏതാനും മണ്ഡലങ്ങളിലെത്തിയേക്കും.

യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാക്കാന്‍സോണിയാഗാന്ധിയോ രാഹുല്‍ ഗാന്ധിയോ
യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് സോണിയാ ഗാന്ധിയെ കോട്ടയത്തെത്തിക്കാന്‍ ശ്രമം. സോണിയാ എത്തിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെ എത്തിക്കണമെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി ജില്ലയില്‍നിന്നു ജനവിധി തേടുന്നതിനാല്‍ ഒരാള്‍ ഉറപ്പായും പ്രചാരണത്തിനെത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ തീയതി തീരുമാനമായിട്ടില്ല.

കേണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി ജില്ലയിലെ ഒമ്പതു മണ്ഡലങ്ങളിലും പ്രചാരണത്തിനെത്തുന്നുണ്ട്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും ഒമ്പതു മണ്ഡലങ്ങളിലും പ്രചാരണം നയിക്കും. രമേശ് ചെന്നിത്തലയും ജില്ലയിലെ ഒരു ദിവസം പ്രചാരണത്തിനുണ്ടാകും. വയലാര്‍ രവി, കൊടിക്കുന്നില്‍ സുരേഷ്, കെ.വി. തോമസ്, ബിന്ദു കൃഷ്ണ എന്നിവരും, കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണിയും യുഡിഎഫ് പ്രചാരണയോഗങ്ങളിലുണ്ടാകും. മുസ്‌ലിം ലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ജനതാദള്‍ യു നേതാവ് എം.പി. വീരേന്ദ്രകുമാര്‍, ഷിബു ബേബി ജോണ്‍, ജോണി നെല്ലൂര്‍ എന്നിവരും പ്രചാരണത്തിന് എത്തും.

ഇടതിനെ ആവേശത്തിലാക്കാന്‍ വിഎസും പിണറായിയും കോടിയേരിയും  ഇന്നസെന്റും പി.ജയരാജനും പ്രചാരണത്തിനെത്തുംഇടതുപക്ഷത്തിന്റെ പ്രചാരണത്തിനു നേതൃത്വം നല്‍കാന്‍ സി പി എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി മുതല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വരെയാണു കോട്ടയത്തെത്തുന്നത്. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട് എന്നിവരുടെ പര്യടന തീയതി തീരുമാനമായിട്ടില്ല. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള കാല്‍മുട്ടു ശസ്ത്രക്രിയയെത്തുടര്‍ന്നു വിശ്രമത്തിലായതിനാല്‍ പ്രചാരണത്തിന് എത്താന്‍ സാധ്യത കുറവാണ്.

പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ 26നു രാവിലെ 10നു കടുത്തുരുത്തിയിലും 4.30ന് ഏറ്റുമാനൂരിലും വൈകുന്നേരം ആറിനു പാലായിലും പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ 29ന് രാവിലെ പൂഞ്ഞാര്‍ മണ്ഡലത്തിലെ മുണ്ടക്കയത്തും വൈകുന്നേരം അഞ്ചിന് കോട്ടയം തിരുനക്കര മൈതാന ത്തും പ്രസംഗിക്കും. ജില്ലയില്‍ രണ്ടിടത്താണു വിഎസ് എത്തുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മേയ് നാലിനു ചങ്ങനാശേരിയിലും വൈക്കത്തും പുതുപ്പള്ളിയിലും യോഗങ്ങളില്‍ പ്രസംഗിക്കും. മറ്റൊരു പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേ ബി മേയ് അഞ്ചിന് ഏറ്റുമാനൂര്‍, കോട്ടയം, കാഞ്ഞിരപ്പളളി, ചങ്ങനാശേരിയിലും മേയ് ഏഴിനു പുതുപ്പള്ളി, വൈക്കം, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും പ്രസംഗിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ 28നു പാലാ, പൊന്‍കുന്നം, പനച്ചിക്കാട് എന്നിവിടങ്ങളില്‍ പ്രചാരണത്തിനെത്തുന്നുണ്ട്.

സിപിഐ അഖിലേന്ത്യാ സെക്രട്ടറി സുധാകര റെഡി, ഡി. രാജ, ആനി രാജ എന്നിവരും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണത്തിനെത്തും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജില്ലയില്‍ നാലിടത്തു പ്രചാരണത്തിനെത്തുമ്പോള്‍ പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ. ഇസ്മയില്‍ എന്നിവരും വിവിധ മണ്ഡലങ്ങളിലെത്തുന്നുണ്ട്. എന്‍സിപി സ്ഥാനാര്‍ഥി മത്സരിക്കുന്ന പാലായില്‍ എന്‍സിപി അഖിലേന്ത്യാ പ്രസിഡന്റ് ശരത് പവാര്‍ മേയ് 11നു പ്രചാരണത്തിനെത്തും. പവാറിന്റെ മകളും എംപിയുമായ സുപ്രിയ സൂലൈയും പാലായിലെത്തുന്നുണ്ട്. സിനിമാ നടനും എംപിയുമായി ഇന്നസെന്റും ഏതാനും ചലച്ചിത്ര താരങ്ങളും മാണി സി. കാപ്പനുവേണ്ടി പ്രചാരണത്തിനെത്തുന്നുണ്ട്.

Related posts