ഷിജു തോപ്പിലാന്‍
പെരുമ്പാവൂര്‍: ഹര്‍ത്താലില്ലാത്ത ഗ്രാമം എന്ന വിശേഷണം, ഇന്നു യാത്രപറഞ്ഞകലുന്ന തങ്ങളുടെ പ്രിയപ്പെട്ട വൈദികനോടുള്ള ആദരവില്‍ പുല്ലുവഴിക്കാര്‍ തിരുത്തും. ശനിയാഴ്ച അന്തരിച്ച എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ പുല്ലുവഴി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് തോട്ടങ്കര (73)യോടുള്ള ആദരസൂചകമായാണ്, അദ്ദേഹത്തിന്റെ മൃതസംസ്കാരശുശ്രൂഷകള്‍ നടക്കുന്ന ഇന്നു പുല്ലുവഴിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്.
ഏതു രാഷ്ട്രീയപാര്‍ട്ടികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്താലും എംസി റോഡില്‍ പെരുമ്പാവൂരിനും മൂവാറ്റുപുഴയ്ക്കും ഇടയിലുള്ള പുല്ലുവഴി ഗ്രാമത്തിന് അതു ബാധകമല്ലായിരുന്നു. പണ്ടു മുതലേ ഹര്‍ത്താലിനെയും പണിമുടക്കിനെയും അകറ്റിനിര്‍ത്തിയ പുല്ലുവഴിയില്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകളടപ്പിക്കാനും ജനജീവിതം സ്തംഭിപ്പിക്കാനും രാഷ്ട്രീയക്കാര്‍ ശ്രമിക്കാറുമില്ല. വര്‍ഷങ്ങളായി തുടരുന്ന പുല്ലുവഴിയുടെ ഈ പ്രത്യേകത ഇതിനു മുമ്പു തിരുത്തിയത് ഒരിക്കല്‍ മാത്രം.
മുന്‍ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍നായരുടെ നിര്യാണത്തില്‍ ആദരസൂചകമായാണ് അന്നു പുല്ലുവഴിയില്‍ ഹര്‍ത്താല്‍ ആചരിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം ആദരസൂചക ഹര്‍ത്താല്‍ ഇന്നു വീണ്ടും.
പുല്ലുവഴിയിലെ ക്രൈസ്തവ വിശ്വാസികള്‍ക്കൊപ്പം നാടു മുഴുവന്‍ ആദരവോടെ പരിഗണിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഫാ. ജോര്‍ജ് തോട്ടങ്കരയുടേത്. നാട്ടിലെ എല്ലാ ആവശ്യങ്ങള്‍ക്കും സഹായമായും വഴികാട്ടിയായുമെല്ലാം അച്ചനുണ്ടായിരുന്നു. മദ്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.
എറണാകുളം സെന്റ് മേരീസ് ബസിലിക്ക, കോടുശേരി, കടമക്കുടി, എളവൂര്‍, താബോര്‍, താന്നിപ്പുഴ, കൊതവറ, പുത്തന്‍പള്ളി, മഞ്ഞപ്ര, ആലുവ പള്ളികളിലെ സേവനത്തിനു ശേഷം 2013 ഫെബ്രുവരിയിലാണു ഫാ. തോട്ടങ്കര പുല്ലുവഴിയിലെത്തുന്നത്. വിശ്വാസി സമൂഹത്തെ ആത്മീയപാതയില്‍ സജീവമായി നയിക്കുന്നതിനൊപ്പം, സാമൂഹ്യക്ഷേമത്തിനുതകുന്ന നിരവധി സംരംഭങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്കി.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പള്ളിയങ്കണത്തിലും പുറത്തും അദ്ദേഹം നടത്തിയ കൃഷി രീതികള്‍ പരക്കെ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കാര്‍ഷികപ്രവര്‍ത്തനങ്ങളെ തേടി അതിരൂപതയുടെ സഹൃദയ വെല്‍ഫെയര്‍ സര്‍വീസസിന്റെ ഗ്രീന്‍ പാരിഷ് പുരസ്കാരമെത്തി. മതബോധനപ്രവര്ത്തനങ്ങള്ക്കായി ഹാള്‍ നിര്‍മിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
കുടുംബയൂണിറ്റുകളിലൂടെയും മറ്റു വേദികളിലൂടെയും ജനങ്ങളുടെ വിശ്വാസ ആഭിമുഖ്യവും കൂട്ടായ്മയും ശക്തമാക്കുന്നതിന് അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്ന് അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ജോസ് കാവനമാലില്‍ ഓര്‍ക്കുന്നു. പുല്ലുവഴി സ്വദേശിയായിരുന്ന ദൈവദാസി സിസ്റ്റര്‍ റാണി മരിയയുടെ നാമകരണ നടപടികള്‍ക്കായുള്ള പരിശ്രമങ്ങളിലും അച്ചന് സജീവമായിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന സിസ്റ്ററിന്റെ ചരമവാര്‍ഷികാചരണത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും അച്ചന്റെ നേതൃത്വത്തില്‍ പുല്ലുവഴിയില്‍ നിന്ന് വിശ്വാസികള്‍ പങ്കെടുത്തു.
അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്നു രാവിലെ ഏഴിന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയിലെത്തിക്കും. ഇവിടെ ദിവ്യബലിക്കും പൊതുദര്‍ശനത്തിനും ശേഷം 8.30 ന് ഇടവകക്കാരുടെ നേതൃത്വത്തില്‍ വിലാപയാത്രയായാണു ഫാ. തോട്ടങ്കരയുടെ മൃതദേഹം പുല്ലുവഴിയിലെത്തിക്കുന്നത്. 10.30 വരെ പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം ഫാ. തോട്ടങ്കരയുടെ ജന്മനാടായ കൂടാലപ്പാടിലേക്കു കൊണ്ടുപോകും.
11 മുതല്‍ കൂടാലപ്പാടുള്ള വസതിയിലും 1.30 മുതല്‍ കൂടാലപ്പാട് സെന്റ് ജോര്‍ജ് പള്ളിയിലും പൊതുദര്‍ശനം. നാലിന് അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ് മാര്‍ തോമസ് ചക്യത്ത് എന്നിവരുടെ കാര്‍മികത്വത്തില്‍ സംസ്കാരശുശ്രൂഷകള്‍ നടക്കും. ഇപ്പോള്‍ റോമിലുള്ള മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. തോട്ടങ്കരയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു. ഫാ. ജോര്‍ജ് തോട്ടങ്കര സേവനം ചെയ്ത പള്ളികളിലെയും സ്ഥാപനങ്ങളിലെയും പ്രതിനിധികളും അതിരൂപതയിലെ വൈദികരും സന്യസ്തരും അല്മായരും അന്ത്യോപചാരമര്‍പ്പിക്കാനെത്തും.