പത്തനാപുരം : അപൂര്‍വരോഗമായ കറുത്തപനി പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവിയില്‍ സ്ഥിരീകരിച്ചു.ചെമ്പനരുവി ആദിവാസി കോളനിയില്‍ മറിയാമ്മ (63) യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.രണ്ടാഴ്ച മുന്‍പാണ് മറിയാമ്മയ്ക്ക് പനി പിടിച്ചത്.പത്തനംതിട്ട ജില്ലാശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് അയച്ചു. ഇവിടുത്ത ചികിത്സയില്‍ പനി ഭേദമാകഞ്ഞതിനെ തുടര്‍ന്ന് ചെമ്പനരു വിയിലെ കുടുംബക്ഷേമ ഉപകേന്ദ്രം വഴി തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെത്തിച്ചു. അവിടെ വച്ചാണ് കറുത്തപനി അഥവാ കരിമ്പനി സ്ഥിരീകരിച്ചത്.രക്തം കുടിക്കുന്ന ചെറുപ്രാണി വഴിയാണ് രോഗം പകരുന്നത്.
മണല്‍ ഈച്ചയെന്നറിയപ്പെടുന്ന പ്രാണിയുടെ ഉറവിടവും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.കൊതുകിന്റെ മൂന്നിലൊന്ന് വലിപ്പമുള്ള ഈ ജീവി ചെളിയിലും മണലിലുമാണ് കൂടുതലും കാണപ്പെടുന്നത്.മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്കും തിരികെ ഈ രോഗം പകരുന്നുണ്ട്.ശരീരത്തിന്റെ ആന്തരികാവയവങ്ങളെയാണ് രോഗം ബാധിക്കുന്നത്.അനീമിയ അടക്കമുള്ള രോഗലക്ഷണങ്ങളാണ് ഇതിനുള്ളത്.നട്ടെല്ലിലെ മജ്ജയിലുള്ള ദ്രവത്തിലൂടെ മാത്രമേ രോഗസ്ഥിരീകരണം നടത്താന്‍ കഴിയു.കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജില്‍ രോഗം സ്ഥിരീകരിച്ചത്. 2005 ല്‍ തെന്മലയിലാണ് രോഗം അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍ സംസ്ഥാനങ്ങളിലാണ് കൂടുതലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തെ തുടര്‍ന്ന് പ്രത്യേക ആരോഗ്യസംഘം ഇന്നലെ ചെമ്പനരുവി മേഖല സന്ദര്‍ശിക്കുകയും പ്രദേശവാസികളെ പരിശോധിക്കുകയും ചെയ്തു.തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും ജില്ല ആരോഗ്യവകുപ്പിലെയും വിദഗ്ധരാണ് സ്ഥലത്ത് എത്തിയിരുന്നത്.നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി രോഗംപടരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. പ്രദേശവാസികളുടെ രക്തം പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.