കളമശേരി: കഴിഞ്ഞ ദിവസം ഒരാളുടെ മരണത്തിനിടയാക്കിയ കുസാറ്റിലെ നിര്‍മ്മാണത്തിലിരിക്കുന്ന മൂന്ന് നില കെട്ടിടത്തിന് നഗരസഭയുടെ അനുമതിയില്ലെന്നത് വിവാദമാകുന്നു. കുസാറ്റിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന്‍െറ കെട്ടിടത്തിന് ഇതുവരെയും അനുമതി നല്‍കിയിട്ടില്ലെന്ന് കളമശേരി നഗരസഭ സെക്രട്ടറി എസ്. നാരായണന്‍ അറിയിച്ചു. നഗരസഭയുടെ പരിധിയില്‍ പെട്ട സ്ഥലത്ത് നിര്‍മ്മാണം നടത്താന്‍ നഗരസഭയുടെ അനുമതി വേണമെന്നിരിക്കെയാണ് നിയമപഠനത്തിനായി നിയമം ലംഘിച്ച് മൂന്ന് നില കെട്ടിടം ഉയരുന്നത്.
കുസാറ്റിന് സ്വന്തമായി എന്‍ജിനീയറിംഗ് വിഭാഗം ഉള്ളതിനാല്‍ നഗരസഭയുടെ പരിശോധന ആവശ്യമില്ലെന്നാണ് സര്‍വകലാശാലയുടെ നിലപാട്. കൊച്ചി സര്‍വകലാശാലയിലെ വിവിധ തരം നിര്‍മ്മാണങ്ങള്‍ക്ക് നഗരസഭ എന്‍ജിനീയറിംഗ് വിഭാഗത്തെ അറിയിക്കാറില്ലെന്ന പരാതി വര്‍ഷങ്ങളായി ഉള്ളതാണ്. ചില കെട്ടിടങ്ങളുടെ ഉദ്ഘാടന പരിപാടികളില്‍ നിന്ന് നഗരസഭ ചെയര്‍മാന്‍ ഇതിന്റെ പേരില്‍ വിട്ടു നിന്നതും ചര്‍ച്ചയായിട്ടുണ്ട്.
കെട്ടിടനിര്‍മ്മാണസാമഗ്രികള്‍ കൊണ്ടു പോകാനായി ഉപയോഗിച്ച താത്ക്കാലിക ലിഫ്റ്റ് ആദ്യ ഉപയോഗത്തില്‍ തന്നെ പൊട്ടിവീണതും സര്‍വകലാശാല അധികൃതരെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഭാരം വച്ച് പരീക്ഷിക്കാതെ ലിഫ്റ്റ് ഉപയോഗിച്ചത് കൊണ്ടെന്ന് വിശദീകരിക്കാന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനും കഴിയുന്നില്ല. പരിക്കേറ്റ രതീഷിനെ ഉടനെ ആശുപത്രിയിലെത്തിക്കാന്‍ തൊഴിലാളികള്‍ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാരന്‍ സമ്മതിച്ചില്ലെന്നതും വിവാദമായിട്ടുണ്ട്.
അപകടത്തെക്കുറിച്ച് കുസാറ്റ് വൈസ് ചാന്‍സിലര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രഫ. ജോര്‍ജ് മാത്യു കണ്‍വീനറായ മൂന്നംഗ സമിതിയ്ക്കാണ് അന്വേഷണ ചുമതല. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. അപകടമുണ്ടാകാനുള്ള കാരണം, സുരക്ഷാവീഴ്ച എന്നിവയാണ് അന്വേഷണ മേഖലയെന്ന് പത്രക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചികിത്സ കൊടുക്കാന്‍ വൈകിച്ചത് അന്വേഷണ പരിധിയില്‍ വരുന്നില്ല.