മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതം സിനിമയാകുന്നു. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ സൈമണ്‍ പാറയ്ക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉമ്മന്‍ചാണ്ടീ… എന്നു പേരിട്ടിരിക്കുന്നു.
മാര്‍ച്ച് നാലിനു പത്രങ്ങളില്‍ വന്ന വാര്‍ത്തയാണു സിനിമയ്ക്കുള്ള പ്രചോദനമെന്നു സംവിധായകന്. കോഴിക്കോട് നടക്കാവ് ഗവ. ടിടിഐയുടെ പുതിയ കെട്ടിടത്തിനു തറക്കല്ലിടാന്‍ എത്തിയ മുഖ്യമന്ത്രിയെ ഉമ്മന്‍ചാണ്ടീ… എന്നു നീട്ടിവിളിച്ച രണ്ടാം ക്ലാസുകാരി ശിവാനി തന്റെ സഹപാഠി അമല്‍ കൃഷ്ണയ്ക്കു വീടില്ലെന്നും അവന്റെ മാതാപിതാക്കള്‍ രോഗികളാണെന്നും അറിയിച്ചു. അപേക്ഷ എഴുതിവാങ്ങിയ മുഖ്യമന്ത്രി അപ്പോള്‍തന്നെ അമല്‍ കൃഷ്ണയ്ക്കു വീടുവയ്ക്കാന്‍ മൂന്നു ലക്ഷം രൂപ അനുവദിച്ചു. അതായിരുന്നു പത്രവാര്‍ത്ത.
ഈ വാര്‍ത്തയെ പിന്തുടര്ന്നു കോഴിക്കോട്ടെ അമല്‍ കൃഷ്ണയുടെ വീട്ടിലെത്തിയപ്പോള്‍ സംവിധായകനെയും സംഘത്തെയും സ്വീകരിച്ചതു കരളലിയിക്കുന്ന കാഴ്ചകള്‍… പണിയെടുക്കാനാകാതെ പ്രയാസപ്പെട്ടു നില്ക്കുന്ന അച്ഛന്. തളര്‍ന്ന കൈയുമായി വേച്ചുവേച്ചു നടന്ന് സമനില തെറ്റിയ രീതിയില്‍ സംസാരിക്കുന്ന അമ്മ. അവരുടെ ഇടയില്‍ മാലാഖയുടെ മനസുമായി അമല്‍.
പിന്നീട് സംവിധായകനും സംഘവും ശിവാനിയുടെ വീട്ടിലുമെത്തി. ടിവി ന്യൂസില്‍ ഉമ്മന്‍ചാണ്ടിയെ കാണാറുണ്ടെന്നും അദ്ദേഹം ധാരാളംപേര്‍ക്കു വീടും പൈസയും മരുന്നുമൊക്കെ കൊടുക്കുന്നതായി അറിയാമെന്നും ശിവാനി മുതിര്‍ന്നവരുടെ പക്വതയോടെ വിവരിച്ചു. ഉമ്മന്‍ചാണ്ടിയെ കുടുംബത്തിലെ ഒരംഗമായും വല്യച്ഛനായുമൊക്കെ കാണുന്നതായും അതുകൊണ്ടാണ് അമല്‍ കൃഷ്ണയ്ക്കുവേണ്ടി സംസാരിച്ചതെന്നും ശിവാനി തുടര്‍ന്നു പറഞ്ഞു. ഈ യാത്രയ്ക്കുശേഷമാണ് ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നു സംവിധായകന് സൈമണ്‍ പാറയ്ക്കല്‍ അറിയിച്ചു. ഇതൊരു രാഷ്്ട്രീയ ചിത്രമല്ലെന്നും സഹജീവികളോടു കരുണ കാണിക്കുന്ന ഒരു ഭരണാധികാരിയുടെ ജീവിതമാണ് ഈ സിനിമയെന്നും സംവിധായകന് പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.