റാന്നി: വോട്ട് കണക്കിനേക്കാള്‍ മണ്ഡലത്തിലെ വ്യക്തിസ്വാധീനവും സാമുദായിക ബന്ധങ്ങളുമെല്ലാം തുണയാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ. എസ്എന്‍ഡിപി യോഗം നേതാവ് കെ.പത്മകുമാറിന്റെ സ്ഥാനാര്‍ഥിത്വം എന്‍ഡിഎയുടെ ശുഭപ്രതീക്ഷ കൂട്ടുന്നു.ചുരുങ്ങിയ സമയംകൊണ്ട് മണ്ഡലത്തില്‍ ഓളം സൃഷ്ടിച്ചു മുന്നേറാനായിട്ടുണ്ടെന്നതാണ് സ്ഥാനാര്‍ഥിയുടെ നേട്ടം. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി അട്ടിമറി സാധ്യതപോലും ബിജെപിയും കൈവിട്ടിട്ടില്ല. പ്രവര്‍ത്തകരുടെ ആവേശവും വോട്ടര്‍മാരുടെ പിന്തുണയും ഇതിനുള്ള കാരണമായി നേതാക്കള്‍ പറയുന്നു.
ഇരുമുന്നണി ക്യാമ്പുകളും എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഭയപ്പെട്ടിട്ടുണ്ടെന്ന് അവരുടെ പക്ഷം. മുമ്പ് തങ്ങളെ എഴുതിത്തള്ളിയവര്‍ ഇത്തവണ ഭയാശങ്കകളോടെ നോക്കുമ്പോള്‍ എന്‍ഡിഎ ക്യാമ്പില്‍ ആവേശം ഇരട്ടിച്ചു. മണ്ഡലത്തില്‍ വിധിനിര്‍ണായക ശക്തിയായി ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ബിജെപി മാറുകയായിരുന്നു. ബിഡിജെഎസ് രൂപീകരണത്തോടെ മുന്നണിക്കു കരുത്ത് വര്‍ധിച്ചതായും എസ്എന്‍ഡിപി നേതാവ് നേരിട്ടു സ്ഥാനാര്‍ഥിയായതോടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചതായും നേതാക്കള്‍ പറയുന്നു.
2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് കാദംബരിക്ക് 7,442 വോട്ട് മാത്രമാണ് ലഭിച്ചതെങ്കില്‍ ലോക്‌സഭയിലേക്ക് മത്സരിച്ച എം.ടി. രമേശ് മണ്ഡലത്തില്‍ നേടിയത് 18,531 വോട്ടാണ്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ മണ്ഡല പരിധിയില്‍ ബിജെപി 20,258 വോട്ട് നേടുകയുമുണ്ടായി. എഴുമറ്റൂര്‍, കൊറ്റനാട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ നിര്‍ണായക ശക്തിയായി ബിജെപി മാറിയിരുന്നു.