കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയെ കൊല ചെയ്ത കേസില് ചേര്ത്തല സ്വദേശി സി.എം. സെബാസ്റ്റ്യന്റെ ജുഡീഷല് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ടു ഘട്ടങ്ങളിലായി 14 ദിവസം പോലീസ് ടീം ചോദ്യം ചെയ്തിട്ടും കൃത്യതയുള്ള മറുപടി നല്കാന് പ്രതി തയാറായിട്ടില്ല.
ജെയ്നമ്മയ്ക്കു പുറമെ സെബാസ്റ്റ്യനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന മൂന്നു സ്ത്രീകളുടെ തിരോധാനത്തിലും ഉത്തരങ്ങള് ഇയാളില്നിന്ന് ലഭിച്ചിട്ടില്ല. ചേര്ത്തലയിലെ വീട്ടുവളപ്പില്നിന്ന് ലഭിച്ച കത്തിക്കരിഞ്ഞ ശരീരഭാഗങ്ങളുടെ ഡിഎന്എ ഫലം ലഭിക്കാതെ അന്വേഷണം അടുത്തഘട്ടം മന്നോട്ടുപോകില്ല.
ശരീരഭാഗം ജെയ്നമ്മയുടേതല്ലെങ്കില് കാണാതായ ബിന്ദു, ഐഷ, സിന്ധു എന്നിവരില് ഒരാളുടേതാവാനാണ് സാധ്യത. അങ്ങനെയെങ്കില് ജെയ്നമ്മയുടെ മൃതദേഹം എവിടെ മറവുചെയ്തു എന്നത് കണ്ടെത്തണം. ഡീസല് ഒഴിച്ച് ശരീരം കത്തിച്ചതിനാലാണ് അസ്ഥികളുടെ ഡിഎന്എ ഫലം വൈകുന്നത്. കസ്റ്റഡിയില് ക്രൈംബ്രാഞ്ച് വ്യക്തമായ തെളിവുകളോടെ ചോദ്യങ്ങള് ഉന്നയിക്കുമ്പോള് പ്രതി മൗനം പാലിക്കുകയോ ഉറക്കം നടിക്കുകയോ ചെയ്യുകയാണ്.
പ്രമേഹരോഗിയാണെന്നും ക്ഷീണമുണ്ടെന്നുമാണ് വിശദീകരണം. ജെയ്നമ്മയെ ഡിസംബര് 23ന് വൈകുന്നേരം ചേര്ത്തലയിലെത്തിച്ച് സെബാസ്റ്റ്യനോ കൂട്ടാളികളോ കൊലപ്പെടുത്തി 11 പവന് സ്വര്ണാഭരണങ്ങള് കവര്ന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 24ന് ജെയ്നമ്മ പതിവായി ധരിച്ചിരുന്ന സ്വര്ണമാല പൊട്ടിയ നിലയില് പ്രതി സഹായിയായ സുനിലിനെ അയച്ച് ചേര്ത്തലയില് പണയം വച്ചു. ജെയ്നമ്മയുമായി പിടിവലിയുണ്ടായപ്പോള് മാല പൊട്ടിയതാണെന്ന് സംശയിക്കുന്നു.
അതില് ഇരുപതിനായിരം രൂപ മുടക്കി 24ന് രാത്രി എട്ടോടെ ചേര്ത്തലയിലെ ഒരു ഹോം അപ്ലയന്സസ് ഷോപ്പില്നിന്ന് സെബാസ്റ്റ്യന് പുതിയ ഫ്രിഡ്ജ് വാങ്ങിയിരുന്നു. ഈ ഫ്രിഡ്ജ് ഏറ്റുമാനൂര് വെട്ടിമുകളിലെ ഭാര്യവീട്ടില്നിന്ന് പോലീസ് കണ്ടെടുത്തു. വെട്ടിമുകളിലെ വീട്ടിലേക്ക് ചേര്ത്തലയില്നിന്നും ഫ്രിഡ്ജ് വാങ്ങിയത് എന്തിനെന്ന ചോദ്യത്തിന് സെബാസ്റ്റ്യന് മറുപടി നല്കിയിട്ടില്ല.
ദൂരൂഹസാഹചര്യത്തില് കാണാതായ മൂന്നു സ്ത്രീകളില്നിന്ന് രണ്ടര കോടിയോളം രൂപ സെബാസ്റ്റ്യന് കൈവശപ്പെടുത്തിയിരുന്നു. ആ പണം എവിടെ നിക്ഷേപിച്ചു എന്നതിനും ഉത്തരമില്ല. ബ്രോക്കര് ജോലി ചെയ്തിരുന്നതിനാല് സെബാസ്റ്റ്യന് മിക്ക ജില്ലകളിലും പരിചയക്കാരും ഇടപാടുകാരുമുണ്ട്.
കൈവശമുണ്ടായിരുന്ന ഇന്നോവ കാര് ഇടുക്കി ജില്ലയില് വാടകയ്ക്ക് ഓടിക്കാന് കൊടുത്തിരുന്നതായി പറയുന്നു. വെട്ടിമുകളിലെ ഭാര്യവീട്ടിലേക്ക് സാധനങ്ങള് വാങ്ങിയതില് കവലയിലെ ഒരു കടയില് സെബാസ്റ്റ്യന് പന്തീരായിരം രൂപ കൊടുക്കാനുണ്ട്.