വൈക്കം: വെള്ളപ്പൊക്കക്കെടുതിയിൽ ഗതാഗത യോഗ്യമല്ലാതായി തീർന്ന വൈക്കം – വൈച്ചൂർ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. തോട്ടകം വളഞ്ഞന്പലം മുതൽ കൈപ്പുഴമുട്ടു വരെ റോഡിൽ കാൽനട പോലും ദുഷ്കരമായവിധത്തിൽ വൻഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്.
ഗതാഗത തിരക്കേറിയ റോഡ് 13 മീറ്റർ വീതിയിൽ പുനർനിർമിക്കുന്നതിനും അഞ്ചു മനപാലം വീതി കൂട്ടി പുനർനിർമിക്കുന്നതിനും സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 93.72 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചെങ്കിലും തുടർ നടപടികൾ ഇഴയുകയാണ്.
റോഡിനു വീതി കൂട്ടുന്നതിനായി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തുടങ്ങിയിട്ടില്ല. സ്ഥലമെടുപ്പ് നടപടികൾ ഉൗർജിതമാക്കുന്നതിനു ലാന്റ് അക്വസിഷൻ ഓഫീസും ആരംഭിക്കേണ്ടതുണ്ട്. ഈ നടപടികൾ പൂർത്തിയാക്കാൻ കാലതാമസമുണ്ടാകുന്നതിനാൽ റോഡ് അറ്റകുറ്റപണി നടത്തി അടിയന്തിരമായി ഗതാഗത യോഗ്യമാക്കണം.
ഇരുചക്രവാഹനങ്ങൾ മുതൽ ടോറസ് ലോറിവരെയുള്ള വാഹനങ്ങളും ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. വൈക്കത്തുനിന്നു ഇടയാഴം വഴി മെഡിക്കൽ കോളജിലേയ്ക്കും വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തേക്കും കോട്ടയത്തേക്കും ആലപ്പുഴ, തണ്ണീർമുക്കം, ചേർത്തല ഭാഗങ്ങളിലേയ്ക്കും നിരവധി വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്.
വൈക്കത്തഷ്ടമി ഉത്സവം നവംബർ 19ന് ആരംഭിക്കുന്നതിനു മുന്‍പ് വൈക്കം – വെച്ചൂർ റോഡ് ഗതാഗതയോഗ്യമാക്കുന്നതിനു അധികൃതർ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് റെസിഡന്റ്സ് അസോസിയേഷൻ അപ്പക്സ് കൗണ്‍സിൽ പ്രസിഡന്റ് പി. ശിവരാമകൃഷ്ണൻ നായർ ആവശ്യപ്പെട്ടു.