സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സ്ത്രീകളുടെ വ്രത ശുദ്ധി അളക്കുന്നത് ആര്‍ത്തവം നോക്കിയാണോയെന്നു സുപ്രീം കോടതി. സ്ത്രീകളുടെ വ്രതശുദ്ധി സംബന്ധിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാദത്തിനിടെയാണ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദ്യം ഉന്നയിച്ചത്. അങ്ങനെയെങ്കില്‍ പുരുഷന്മാരുടെ വ്രതശുദ്ധി എങ്ങനെയാണ് അളക്കുന്നതെന്നും കോടതി ചോദിച്ചു.
വ്രതമെടുക്കാത്ത പുരുഷന്മാര്ക്കു പതിനെട്ടാം പടി അല്ലാതെ സന്നിധാനത്തെത്താന്‍ മറ്റൊരു വഴി ഒരുക്കാറില്ലേയെന്നു ചോദിച്ച കോടതി, സ്ത്രീകളെയും ഇത്തരത്തില്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിച്ചൂകൂടേയെന്നും ആരാഞ്ഞു.
ആര്‍ത്തവം സ്ത്രീകളുടെ ഒരു ശാരീരിക അവസ്ഥയാണ്. ജീവശാസ്ത്രപരമായ പ്രത്യേകത പറഞ്ഞു വിവേചനത്തെ ന്യായീകരിക്കരുതെന്നും മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള 1991ലെ ഹൈക്കോടതി ഉത്തരവിനെയും കോടതി വിമര്‍ശിച്ചു. അജ്ഞാത കത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് കേസെടുത്തു വിലക്ക് ശരിവച്ചതെന്നും കോടതി നിരീക്ഷിച്ചു.
ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നതിനെതിരേയുള്ള ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന്റെ വാദമാണ് ഇന്നലെ നടന്നത്. ഹിന്ദുമതത്തില്‍ മാത്രമല്ല, ഇതര മതങ്ങളിലും ദേവാലയങ്ങളില്‍ സ്ത്രീകള്‍ക്കു നിയന്ത്രണങ്ങളുണ്ടെന്നായിരുന്നു ദേവസ്വത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെ.കെ. വേണുഗോപാലിന്റെ വാദം. ശബരിമലയിലേതു സ്ത്രീകളെ നിരോധിക്കുന്നതോ പൂര്‍ണമായ വിലക്കോ അല്ല. പത്തു മുതല്‍ 50 വയസ് വരെയുള്ളവര്‍ക്കുള്ള ആചാരപരമായ നിയന്ത്രണമാണ്.
ദേവപ്രശ്നത്തിലൂടെയാണ് ക്ഷേത്രത്തിലെ ആചാരങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നത്. ഭരണഘടനയുടെ 26-ാം അനുച്ഛേദം ഇത്തരം നിയന്ത്രണങ്ങള്‍ക്ക് അവകാശം നല്‍കുന്നുമുണ്ട്. സായുധ സേനയിലെ നിയമനങ്ങളില്‍ അടക്കം സ്ത്രീകള്‍ക്കു നിയന്ത്രണമുണ്ടെന്നും ശബരിമല ഒഴികെ മറ്റ് ആയിരക്കണക്കിന് അയ്യപ്പക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി.
സ്ത്രീകളെ വന്യമൃഗങ്ങള്‍ ആക്രമിക്കുന്നതിനാലാണു പ്രവേശിപ്പിക്കാത്തതെന്ന ദേവസ്വം ബോര്‍ഡിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. ആരാധനയ്ക്കായി എത്തുന്ന സ്ത്രീകളെ വന്യമൃഗങ്ങള്‍ ആക്രമിക്കുന്നുണ്ടെങ്കില്‍ ആക്രമിച്ചോട്ടെയെന്നായിരുന്നു പരിഹാസ രീതിയിലുള്ള കോടതിയുടെ മറുപടി. കേസില്‍ അടുത്ത തിങ്കളാഴ്ചയും വാദം തുടരും.