പെരുമാറ്റച്ചട്ടലംഘനം: തോമസ് ഐസക്കിനെതിരേ ഇന്ന് പരാതി നല്കുമെന്ന് ഷുക്കൂര്‍

alp-shukkurആലപ്പുഴ: ആലപ്പുഴ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് നിരന്തരം പെരുമാറ്റച്ചട്ടലംഘനം നടത്തുന്നതായി ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആരോപിച്ചു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.    ഇതിനോടകം തന്നെ ലക്ഷക്കണക്കിന് രൂപ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ചെലവഴിച്ച തോമസ് ഐസക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷം നിരവധി ഫ്‌ളെക്‌സ് ബോര്‍ഡുകളാണ് സ്ഥാപിച്ചത്. കൂടാതെ നാലുതരം പോസ്റ്ററുകള്‍, വിവിധതരം ലഘുലേഖകള്‍ എന്നിവയും വിതരണം ചെയ്തു.

വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്യുന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച പരാതി ജില്ലാ കളക്ടറുടെയും പ്രചരണങ്ങളുടെ ചുമതലയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും ഇവര്‍ ഇത് സംബന്ധിച്ച വിശദീകരണം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷുക്കൂര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.

നിരന്തരം പെരുമാറ്റച്ചട്ടലംഘനം തോമസ് ഐസക് നടത്തുന്നതിനെതിരെ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യസംസ്കരണത്തിന്റെ പേരിലും ജൈവ പച്ചക്കറിയുടെ പേരിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷം ആലപ്പുഴ മണ്ഡലത്തില്‍ ഇടതുമുന്നണി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വോട്ട് തട്ടാനുള്ള ഉഡായിപ്പ് പ്രവര്‍ത്തനമാണെന്നും ഷുക്കൂര്‍ ആരോപിച്ചു.

Related posts