വൈപ്പിന്‍: ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ എറണാകുളത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് വയോധികയായ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് നഗരത്തിലേക്ക് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച 37കാരനെ ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. ഞാറക്കല്‍ ആറാട്ടുവഴി കടപ്പുറത്ത് മണപ്പുറത്ത് ആനന്ദന്‍ ആണ് റിമാന്‍ഡിലായത്. മത്സ്യത്തൊഴിലാളിയായ പ്രതിക്ക് ഭാര്യയും രണ്ട് മക്കളുമുള്ളതാണ്.
കടുത്ത മദ്യപാനിയായ പ്രതി കൊച്ചു കുട്ടികളേയും ഉപദ്രവിച്ചിരുന്നുവെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരമെന്ന് പ്രതിയെ അറസ്റ്റ് ചെയ്ത ഞാറക്കല്‍ പോലീസ് പറഞ്ഞു. ബലാത്സംഗത്തിനു കേസെടുത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഞാറക്കല്‍ സിഐ സി.ആര്‍. രാജു പറയുന്നതിങ്ങനെ – ബലാത്സംഗം ചെയ്യപ്പെട്ട 67കാരിയായ വയോധികയുടെ ഭര്‍ത്താവ് കുറച്ച് ദിവസമായി ഞാറക്കല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇക്കാര്യം പ്രതി മുന്‍കൂട്ടി മനസിലാക്കിയിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം വയോധിക വീട്ടില്‍ നിന്നും ഞാറക്കല്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ ബസ്റ്റോപ്പിനടുത്ത് വച്ച് പ്രതി വൃദ്ധയെ കണ്ടുമുട്ടുകയും ഭര്‍ത്താവിനു അസുഖം കൂടുതലായതിനാല്‍ എറണാകുളത്തേക്ക് കൊണ്ടുപോയെന്നും ഇയാള്‍ വൃദ്ധയോടു നുണ പറഞ്ഞു. ഇതുകേട്ട വൃദ്ധ പരിഭ്രമത്തിലായപ്പോള്‍ താന്‍ എറണാകുളത്തേക്ക് കൊണ്ടുപോകാമെന്ന് ഇയാള്‍ വൃദ്ധയോടു പറഞ്ഞു. ഇരുവരും ബസില്‍ കയറി എറണാകുളം ജനറലാശുപത്രിയില്‍ എത്തിയെങ്കിലും ഭര്‍ത്താവിനെ അവിടെ കാണാതായപ്പോള്‍ വൃദ്ധക്ക് വേവാലാതിയായി.
തുടര്‍ന്ന് പ്രതി വൃദ്ധയേയും കൂട്ടി കളമശേരി മെഡിക്കല്‍ കോളജിലേക്ക് പോയി . അവിടെയും ആളെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ തിരിച്ചുപോകാനായി എളുപ്പവഴിക്ക് ആശുപത്രിക്കടുത്തുള്ള മറ്റൊരു വഴിയിലൂടെ പ്രതി വൃദ്ധയെ കൊണ്ടുപോകുകയും ഇടക്കുകണ്ട കുറ്റിക്കാടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ബലാത്സംഗത്തിനുശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു. ഏറെ നേരം ബോധരഹിതയായി കഴിഞ്ഞ വൃദ്ധ ഇഴഞ്ഞ് വലിഞ്ഞ് റോഡിലെത്തി അതുവഴിപോയവരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ വൃദ്ധയെ കളമശേരി പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇതേ സമയം വൃദ്ധയെ കാണ്‍മാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ ഞാറക്കല്‍ പോലീസ് സ്റ്റേഷനില്‍ രാത്രി പരാതിയുമായി എത്തിയിരുന്നു.
രാത്രി തന്നെ കളമശേരി പോലീസ് ഞാറക്കല്‍ പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ഞാറക്കല്‍ പോലീസ് വൃദ്ധയെ ഞാറക്കലില്‍ കൊണ്ടുവന്നു. തുടര്‍ന്ന് പ്രതിക്കുവേണ്ടി തെരച്ചില്‍ നടത്തി. എറണാകുളം, കളമശേരി ആശുപത്രികളിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് വൃദ്ധക്കൊപ്പം കണ്ടെത്തിയ യുവാവിനെക്കുറിച്ച് പലരോടായി ചോദിച്ചു തിരിച്ചറിയുകയും രാവിലെ തന്നെ വീടിനടുത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തില്‍ സി ഐ സി ആര്‍ രാജുവിനെ കൂടാതെ എസ് ഐ ആര്‍ രഗീഷ് കുമാര്‍, എഎസ്‌ഐ മാരായ ജോണ്‍സണ്‍, ഭഗവല്‍ദാസ്, സി പി ഒ മാരായ രാജേഷ്, ജയരാജ് എന്നിവരും ഉണ്ടായിരുന്നു.
പ്രതിയെ കുടുക്കിയത് സിസിടിവി കാമറകള്‍
വൈപ്പിന്‍: വയോധികയെ ബലാത്സംഗം ചെയ്ത 37 കാരനെ തിരിച്ചറിയാന്‍ സഹായിച്ചത് എറണാകുളം ജനറലാശുപത്രിയിലേയും കളമശേരി മെഡിക്കല്‍ കോളജിലേയും സിസിടിവി കാമറകളാണ്. ഇരയായ വൃദ്ധക്ക് പ്രതിയെ പരിചയമില്ലായിരുന്നു. ആരോ ഒരാള്‍ തന്നെ കൂട്ടിക്കൊണ്ടുപോയെന്നു മാത്രമാണ് വൃദ്ധ പോലീസിനോട് പറഞ്ഞത്. പിന്നീടാണ് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. വൃദ്ധക്കൊപ്പം കണ്ട യുവാവിന്റെ ദൃശ്യങ്ങള്‍ റെക്കോഡു ചെയ്ത് വൃദ്ധയെ കാണിച്ചപ്പോള്‍ ഇവര്‍ പ്രതിയെ തിരിച്ചറിഞ്ഞു.
തുടര്‍ന്ന് ഞാറക്കല്‍ മേഖലകളില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. സംഭവദിവസം വൈകുന്നേരം ഞാറക്കല്‍ ആശുപത്രി വളപ്പില്‍ പ്രതിയെ കണ്ടവരുണ്ടെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. റിമാന്‍ഡിലായ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസ് അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും.