പാപ്പിനിശേരി: പാപ്പിനിശേരി കല്ലൂരിയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരേ കരിഓയില്‍ പ്രയോഗം. ഇന്നു പുലര്‍ച്ചെ ഒന്നോടെയാണ് പാപ്പിനിശേരി കല്ലൂരിയിലെ കെ.പി.ആര്. രയരപ്പന്‍ സ്മാരക മന്ദിരത്തിനുനേരേ ആക്രമണമുണ്ടായത്. ഓഫീസില്‍ വരാന്തയില്‍ കരഓയില് ഒഴിച്ച നിലയിലാണ്. സംഭവത്തെ തുടര്‍ന്ന് വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. സംഭവത്തിനു പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്ന് സംശയിക്കുന്നതായി സിപിഎം നേതാക്കളായ വത്സന്, രാജന് എന്നിവര്‍ അറിയിച്ചു.
തികച്ചും സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം ആക്രമണം ഉണ്ടാക്കാനുള്ള ചിലരുടെ പ്രവൃത്തികള്‍ ജനംതിരിച്ചറിയണമെന്ന് നേതാക്കള്‍ പറഞ്ഞു. ഇന്നലെ രാത്രി കെപിആര്‍ രയരപ്പന്‍ സ്മാരക മന്ദിരം പൂട്ടിയതിനു ശേഷം പുലര്‍ച്ചെ ഒന്നോടെയാണ് ആക്രമണം നടന്നിരിക്കുന്നത്. സ്ഥലത്ത് പോലീസ് കാവല്‍ തുടരുകയാണ്.