ചെമ്പേരിയില്‍ കുടിവെള്ളം റോഡിലൂടെ ഒഴുകുന്നു

knr-waterചെമ്പേരി: ഏരുവേശി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായി തുടരുമ്പോള്‍ പഞ്ചായത്ത് ആസ്ഥാനമായ ചെമ്പേരി ടൗണിലും പരിസരങ്ങളിലും കുടിവെള്ളം റോഡിലൂടെ ഒഴുകി പാഴാകുന്നു. ടൗണിലെ റോഡരികില്‍ മണ്ണിനടിയിലൂടെ കടന്നുപോകുന്ന പൈപ്പുകള്‍ ചോര്‍ന്നാണ് 24 മണിക്കൂറും ജലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. മണ്ണിനടിയിലെ പൈപ്പുകളുടെ ജോയിന്റുകളിലാണ് മിക്കയിടത്തും ചോര്‍ച്ച. ഇവിടങ്ങളിലെല്ലാം നീരുറവുപോലെ സദാസമയവും വെള്ളം മണ്ണിനുമുകളിലേക്ക് പരന്നൊഴുകുകയാണ്.

ഏരുവേശി പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിപ്രകാരം കേരള വാട്ടര്‍ അഥോറിറ്റി സ്ഥാപിച്ചതാണു പൈപ്പ് ലൈന്‍. മലമുകളിലെ ടാങ്കില്‍ വെള്ളം നിറച്ചാല്‍ അത് തീരുംവരെ ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ വെള്ളം ഒഴുകിക്കൊണ്ടിരിക്കും. ഇതുപരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ പരിഗണിക്കുന്നില്ല. മലയോര ഹൈവേയുടെ ഭാഗമായി ചെമ്പേരി ടൗണിലൂടെ കടന്നുപോകുന്ന റോഡില്‍ വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തിയപ്പോള്‍ പലയിടങ്ങളിലും പൈപ്പുകള്‍ കൂടുതല്‍ ആഴത്തിലും റോഡിനുള്ളിലും ആയിട്ടുണ്ട്. ഇതിനാല്‍ ഇവിടങ്ങളില്‍ കുഴിയെടുത്ത് അറ്റകുറ്റപ്പണിയും എളുപ്പമല്ലാതായി.

ടാങ്കില്‍ വെള്ളം നിറയുന്ന സമയത്തുണ്ടാകുന്ന ശക്തമായ ചോര്‍ച്ച റോഡിലെ ടാറിംഗ് തകരാനും കാരണമായിട്ടുണ്ട്. കരാറുകാര്‍ നിലവാരം കുറഞ്ഞ പൈപ്പുകളും ജോയിന്റുകളുമാണ് ഉപയോഗിച്ചതെന്നു പദ്ധതിയുടെ തുടക്കത്തില്‍തന്നെ പരാതി ഉയര്‍ന്നിരുന്നു.   ചോര്‍ച്ചയുള്ള ഭാഗത്തെ പഴയപൈപ്പ് ലൈന്‍ ഉപേക്ഷിച്ച് പുതിയ പൈപ്പുകളിട്ട് ബദല്‍സംവധാനം ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ടെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചുകാണുന്നില്ല. ചെമ്പേരി ടൗണില്‍ നിന്നു രണ്ടുകിലോമീറ്റര്‍ അകലെയുള്ള അമ്പഴത്തുംചാല്‍ മലമുകളില്‍ വെള്ളമെത്തേണ്ടത് ഈ പൈപ്പ്‌ലൈന്‍ വഴിയാണ്. ചോര്‍ച്ചയെ തുടര്‍ന്നു ആവശ്യത്തിന് വെള്ളം കിട്ടാതായതോടെ ഈ പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ദൂരസ്ഥലങ്ങളില്‍നിന്ന് വാഹനങ്ങളിലാണ് കുടിവെള്ളമെത്തിക്കുന്നത്.

Related posts