മങ്കൊന്പ്: മങ്കൊന്പ് സിവിൽ സ്റ്റേഷനിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് ആറ്റുതീരംവഴിയുള്ള നടപ്പാത സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങളായി ഇതുവഴി കാൽനടയാത്ര പോലും അസാധ്യമായിട്ടും ബന്ധപ്പെട്ടവർ കണ്ണുതുറക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആറിനു മറുകരെയുള്ളവർക്കു റോഡുമാർഗം യാത്രചെയ്യാൻ പ്രധാനമായും ഈ വഴിയെയാണ് ആശ്രയിച്ചിരുന്നത്.
ആലപ്പുഴ-ചങ്ങനാശേരി റോഡിൽ നിന്നും ബ്ലോക്കു ജംഗ്ഷൻ വഴിയെത്തുന്ന മങ്കൊന്പ്, കായൽപ്പുറം, പുളിങ്കുന്ന്, ചതുർഥ്യാകരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഉപയോഗിക്കുന്ന വഴിയുടെ ശോചനീയാവസ്ഥയ്ക്കു രണ്ടു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ത്രിതല പഞ്ചായത്തുമുതൽ എംപി വരെയുള്ളവരോട് പലതവണ പറഞ്ഞിട്ടും വഴി തെളിഞ്ഞില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ആറിനക്കരെയുള്ളവർ മങ്കൊന്പ് നെല്ലുഗവേഷണ കേന്ദ്രം, മിനി സിവിൽ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, കഐസ്ഇബി ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലേക്കു എത്തുന്നതു ഇതുവഴിയാണ്. വഴിക്കും ആറിനുമിടയിലുള്ള കൽക്കെട്ട് തകർന്നതിനെ തുടർന്ന് പലയിടത്തും വഴിയിൽ വെള്ളം കയറി.
വഴി സഞ്ചാര യോഗ്യമല്ലാതായതോടെ ആളുകൾ കല്ലുകെട്ടിലൂടെ മാത്രം നടക്കാൻ തുടങ്ങി. ഇതോടെ പുല്ലു നിറഞ്ഞവഴി ഇഴജന്തുക്കളുടെ താവളമായി. പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഇതുവഴി നടക്കാനും നാട്ടുകാർക്കു ഭയമാണ്. വഴിയുടെ ഭാഗമായി വർഷങ്ങൾക്കു മുന്പു പണിത സ്ലോപ്പു പാലങ്ങൾ വേണ്ടത്ര പ്രയോജനകരവുമായില്ല. ഈ പാലത്തിൽ കൂടി ഇരുചക്ര വാഹനം പോലും കയറില്ല.
വഴി സഞ്ചാരയോഗ്യമല്ലാത്തതിനാൽ സിവിൽ സ്റ്റേഷനു സമീപത്തുള്ള കടത്തിറങ്ങിയെത്തുന്നവർ കരണ്ടു ബില്ലടയ്ക്കാനും മറ്റാവശ്യങ്ങൾക്കുമായി പോകന്നത് എസി റോഡുവഴി രണ്ടു കിലോമീറ്റർ ചുറ്റിക്കറങ്ങിയാണ്. സിവിൽ സ്റ്റേഷൻ കടവിൽ നിന്നും പടിഞ്ഞാറേക്കു റോഡ് ആരംഭിക്കുന്ന ഭാഗം തകർന്ന സ്ഥിതിയിലാണ്. ഇതിനാൽ യാത്രക്കാർ നെല്ലുഗവേഷണ കേന്ദ്രത്തിന്റെ പുരയിടത്തിൽ കയറിയാണു യാത്ര തുടരുന്നത്.
സിവിൽ സ്റ്റേഷൻ പാലത്തിന്റെ പണികൾ ആരംഭിച്ചതിൽ പിന്നെ പോലീസ് സ്റ്റേഷനു സമീപത്തുള്ള ജെട്ടിയിൽ ബോട്ടുകളും അടുപ്പിക്കാറില്ല. ഇക്കാരണത്താൽ വേണാട്ടുകാട്, ചതുർഥ്യാകരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ക്ലേശമനുഭവിക്കുന്നു. ഇവിടെ നിന്നും മിനി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലേക്കെത്തേണ്ടവർ എസ്എൻഡിപി ജെട്ടിയിലാണ് ബോട്ടിറങ്ങേണ്ടത്.
എസി റോഡിൽ നിന്നാരംഭിച്ചു കെഎസ്ഇബി ഓഫീസ് വരെ നിലവിൽ റോഡുണ്ട്. എസ്എൻഡിപിക്കു സമീപത്തായി അവസാനിക്കുന്ന കോണ്ക്രീറ്റ് റോഡ് സിവിൽ സ്റ്റേഷൻ വരെ നീട്ടിയാൽ മാത്രം മതിയെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ആവശ്യമായ സ്ഥലം വിട്ടുകിട്ടാത്തതാണ് വഴിയുടെ ശാപമെന്നാണ് നാട്ടുകാർക്ക് ജനപ്രതിനിധികളിൽ നിന്നു ലഭിച്ച വിവരം.