നഗരത്തില്‍ മാമ്പഴക്കാലം!

KKD-MAMBAZHAMകോഴിക്കോട്: കാലിക്കട്ട് അഗ്രി ഹോര്‍—ട്ടി കള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മാമ്പഴപ്രദര്‍ശനത്തിനു ചെറൂട്ടിറോഡ് ഗാന്ധി പാര്‍ക്കില്‍ തുടക്കമായി. ഇന്നു രാവിലെ 10.30ന് നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് ഉദ്ഘാടനം ചെയ്തു. 10 വരെയുള്ള മേളയില്‍ ഇന്ത്യയിലെ നൂറിലധികം മാമ്പഴഇനങ്ങളും അപൂര്‍വ സങ്കര ഇനങ്ങളുമാണ് മാമ്പഴ പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ പേരുകേട്ട ഇനങ്ങളായ അല്‍ഫോണ്‍സ, ഗുദാദത്ത്, ബങ്കനപ്പള്ളി, മല്‍ഗോവ, ചക്കരക്കുട്ടി തുടങ്ങിയവയും പ്രമേഹരോഗികള്‍ക്ക് പോലും കഴിക്കാന്‍ പറ്റുന്ന ബംഗളോറ, വര്‍ണ വൈവിധ്യമാര്‍ന്ന സുവര്‍ണരേഖ, മാമ്പഴ വിഭവങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്ന ചന്ദ്രകാരന്‍, മുഗള്‍ചക്രവര്‍ത്തിമാര്‍ വളര്‍ത്തിയ ജഹാംഗീര്‍, ഹിമായുദ്ദീന്‍ ഇനങ്ങള്‍, പുതിയ സങ്കരഇനങ്ങളായ എച്ച് 4, എച്ച് 44 എന്നിവയും പ്രദര്‍ശനത്തിലുണ്ട്.

കൂടാതെ ഒട്ടുമാവ്,— സപ്പോട്ട, നെല്ലിക്ക, റംബുട്ടാന്‍, ജാതിക്ക എന്നിവയുടെ തൈകളും വില്‍പനക്കുണ്ട്. തളിപ്പറമ്പ് ജില്ലാ കൃഷി ഫാമില്‍ ഉത്പാദിപ്പിച്ച പച്ചക്കറി വിത്തുകളും വില്പനയ്ക്കുണ്ട്. മേളയുടെ ഭാഗമായുള്ള മാമ്പഴ തീറ്റമത്സരം എട്ടിന്  വൈകുന്നേരം നാലിന് നടക്കും. രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രദര്‍ശനസമയം.

പ്രവേശനം സൗജന്യമായിരിക്കും. കാലിക്കറ്റ് അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, അഡ്വ. എം. രാജന്‍, പി.പി. അബ്ദുറഹിമാന്‍, കൃഷ്ണന്‍ വൈദ്യര്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.

Related posts